ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു

തന്‍റെ പുതിയ ചിത്രം ഒറ്റക്കൊമ്പനു വേണ്ടി സുരേഷ് ഗോപി (Suresh Gopi) അവതരിപ്പിച്ച ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. കുറുവച്ചന്‍ എന്ന കഥാപാത്രത്തിനു വേണ്ടി നര പടര്‍ന്ന താടിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്. ഈ ലുക്കിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ നടത്തിയ പരാമര്‍ശത്തിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനുവേണ്ടി കൊണ്ടുനടന്ന ആ നരച്ച താടി ഒഴിവാക്കി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. രാജ്യസഭാ എംപി എന്ന നിലയില്‍ തന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് സുരേഷ് ഗോപി തന്‍റെ പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നത്. ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള സരസമായ മറുപടിയും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ഒരു രാജ്യസഭാ എംപി എന്ന നിലയില്‍ എന്‍റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ കൊണ്ട് എന്‍റെ കൈകള്‍ക്ക് കരുത്തും എന്‍റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി കുറിച്ചു. ഇതിനൊപ്പമാണ് സമീപദിനങ്ങളില്‍ തന്‍റെ കഥാപാത്രത്തിന്‍റെ ലുക്കിനെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പ്രതികരണം- പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്‍റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌... ഒറ്റക്കൊമ്പന്റെ കൊമ്പ്, സുരേഷ് ഗോപി കുറിച്ചു.

ALSO READ : 'അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

അതേസമയം നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിഭാഗം മുന്‍പ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഹൈക്കോടതി ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്‍തിരുന്നു.