വിവാദങ്ങളെ മറികടന്നാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം ടൈറ്റില്‍ പ്രഖ്യാപനത്തിലേത്ത് എത്തിയത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്, നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 'ഒറ്റക്കൊമ്പന്‍' എന്ന പേര് പ്രഖ്യാപിക്കപ്പെട്ടത് ഒക്ടോബര്‍ 26നാണ്. പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. അതേക്കുറിച്ച് അണിയറക്കാര്‍ പറയുന്നത് ഇങ്ങനെ..

"ഒറ്റക്കൊമ്പന്‍റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ ഡിസംബർ എട്ടിന് പാലാ ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മോഷൻ പോസ്റ്ററിലുള്ള രംഗങ്ങൾ അന്ന് ചിത്രീകരിച്ചതാണ്. മൂന്ന് ദിവസത്തെ ഷൂട്ടിന് ശേഷം ഏപ്രിൽ 15ന് വീണ്ടും ചിത്രീകരണം ആരംഭിക്കുവാൻ തയ്യാറെടുക്കവേയാണ് കൊവിഡ് ലോകമെമ്പാടും പടർന്ന് പിടിച്ചത്. മറ്റ് പല പ്രശ്‌നങ്ങളും ചിത്രത്തെ സംബന്ധിച്ച് ഉയർന്ന് വന്നെങ്കിലും ദൈവാനുഗ്രഹത്താൽ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യുവാൻ സാധിച്ചു. വീണ്ടും ഒരു പാലാ ജൂബിലി പെരുന്നാൾ കടന്നുവരുമ്പോൾ മാതാവിന്‍റെ അനുഗ്രഹാശിസ്സുകളോടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും", ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.

ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്‍ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും 'ഒറ്റക്കൊമ്പന്‍'