കൊവിഡ് 19 പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ ഇന്ന് രാജ്യമൊന്നാകെ അണിനിരന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് എല്ലാവരും കൈകള്‍ കൊട്ടുകയും പാത്രത്തില്‍ കൊട്ടുകയും ഒക്കെ ചെയ്‍തു. ജനതാ കര്‍ഫ്യു ആഹ്വാനം ചെയ്‍ത സമയത്ത് ചില വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചും സാമൂഹിക വ്യാപനം തടയുന്നതിനുമായി പ്രമുഖരടക്കം സന്ദേശങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള കൊച്ചി മെട്രോയുടെ ലോഗോയുള്ള ഫോട്ടോയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്‍തിരുന്നത്.

ബ്രേക്ക് ദ ചെയിൻ, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‍തത്. ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടൻ ചികിത്സ തേടുകയെന്നും ഫോട്ടോയില്‍ എഴുതിയിരുന്നു. ആശംസകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ആരാധകരും രംഗത്ത് എത്തി. നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തു.  കമല്‍ഹാസൻ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ആദ്യം തന്നെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.