സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. മോദിക്കൊപ്പം താനും ഭാര്യയും നില്‍ക്കുന്ന പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും അദ്ദേഹം നേര്‍ന്നു.

"നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു", ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിക്കുന്നുണ്ട്. #HappyBirthdayPMModi എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആണ്. ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ ഓരോ നിമിഷവും നീക്കിവച്ച വ്യക്തിത്വമെന്നാണ് മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്. അതേസമയം നരേന്ദ്ര മോദിയുടെ സപ്തതി ആഘോഷവുമായി ബന്ധപ്പെട്ട് 14 മുതല്‍ സേവാ സപ്താഹം എന്ന പേരില്‍ രാജ്യമൊട്ടാകെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ബിജെപി പ്രവര്‍ത്തകര്‍.