തിരുവനന്തപുരം: ദീര്‍ഘമായ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരികയാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. ഏറെ കാലത്തിന് ശേഷം ശോഭന എത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിനിടെ, ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വാര്‍ത്തയാവുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അനാവശ്യ വിവാദങ്ങളെ കാണുന്നു എന്ന ചോദ്യത്തിന് സിനിമാ ഡയലോഗിന് തുല്യമായ മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ' പോകാന്‍ പറ പറ്റങ്ങളോട്' എന്നാണ് തന്റെ റിയാക്ഷന്‍ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 'അനാവശ്യമായി പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളൂ.. പോകാന്‍ പറ പറ്റങ്ങളോട്.. അതാണെന്‍റെ റിയാക്ഷന്‍... വിമര്‍ശിക്കുന്നവരൊക്കെ സ്വയം താനെന്ത് ചെയ്തെന്ന് ആലോചിക്കണം. അതാണ് അവര്‍ക്കുള്ള തന്‍റെ താക്കീത്'

Read More: ജാക്കി ചാൻ– മോഹൻലാൽ ചിത്രം നായർസാൻ; വാർത്തയോട് പ്രതികരിച്ച് സംവിധായകൻ

'ഞാന്‍ പിരിച്ചെടുത്തിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല, ഞാനുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ആംഗര്‍ ആയിട്ടോ, എന്‍റെ കുഞ്ഞുങ്ങള്‍ക്കും കൂടി സമ്പാദിച്ച് കൂട്ടിയതീന്നാണ്. ഇതൊന്നും പറയാന്‍ എനിക്കിഷ്ടമല്ല, എവിടെയും പറയാറുമില്ല. എങ്കിലും കുരുപൊട്ടിയേ പറ്റു എന്നുള്ള കുറച്ചുപേരുടെ കുരു പൊട്ടട്ടെ. നല്ലതാ' - സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തനം അനുഗ്രഹമാണെന്നും, എന്നാലതില്‍ ചിലര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നതു പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ഭാര്യയെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ തന്‍റെ ഭാര്യക്കും അങ്ങനൊരു ട്രാന്‍സിലേഷന്‍ വരുമെന്ന് ഓര്‍ക്കണണമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.