ഇന്ന് രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ സിനിമ കണ്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജെഎസ്കെയാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. ജാനകി എന്ന പേരിന്റെ പേരിൽ സെൻസർ ബോർഡ് ചിത്രത്തിന്‍റെ റിലീസ് തടഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ രണ്ടേ മുക്കാൽ ദൈർഘ്യമുള്ള സിനിമ നേരിട്ട് കാണാൻ ഹൈക്കോടതി ജഡ്ജി തീരുമാനിക്കുകയും ചെയ്തു. ഈ വാർത്തയ്ക്ക് താഴെ പരിഹാസ കമന്റിട്ടയാൾക്ക് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യയും മാധവും നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആയിരുന്നു ഒരാളുടെ പരിഹാസ കമന്റ്. "സ്വന്തം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്", എന്നായിരുന്നു കുറിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മാധവന് സുരേഷ് മറുപടിയുമായി എത്തി. "ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു", എന്നായിരുന്നു മാധവിന്റെ മറുപടി. പിന്നാലെ ഭാഗ്യ സുരേഷും രംഗത്ത് എത്തി.
"നൂറുകണക്കിന് അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ രക്തവും വിയർപ്പും കണ്ണീരും ഒഴുക്കിയാണ് ഒരു സിനിമ നിർമ്മിക്കുന്നത്. അവരെല്ലാം ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്", എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ മറുപടി.
ഇന്ന് രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ സിനിമ കണ്ടത്. എറണാകുളം ലാൽ മീഡിയയിൽ ആയിരുന്നു പ്രത്യേക സ്ക്രീനിങ്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ജഡ്ജി തീരുമാനം അറിയിക്കുകയും ചെയ്യും. ജാനകി എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് കേന്ദ്ര സെൻസർ ബോർഡിന്റെ നിലപാട്. കോടതിയ്ക്ക് മുന്നിൽ ഇവർ കൃത്യമായ മറുപടി ഇതുവരെ നൽകിയിട്ടുമില്ല. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് നേരത്തെ സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു.