Asianet News MalayalamAsianet News Malayalam

'വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങളെയെല്ലാം പറ്റിച്ച് അവൻ പോയി', സച്ചിയുടെ ഓര്‍മ്മയിൽ മുകേഷും സുരേഷ് കൃഷ്ണയും

പ്രിയ സുഹൃത്തിന്‍റെ പെട്ടന്നുണ്ടായ വിടവാങ്ങൽ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ടയും മുകേഷും പ്രതികരിച്ചു

suresh krishna and mukesh remembering director sachi
Author
Kochi, First Published Jun 19, 2020, 12:16 PM IST

കൊച്ചി: സംവിധായകൻ സച്ചിയുടെ മരണത്തില്‍ വിതുമ്പലോടെ മലയാള സിനിമ പ്രവര്‍ത്തകര്‍. പ്രിയ സുഹൃത്തിന്‍റെ പെട്ടന്നുണ്ടായ വിടവാങ്ങൽ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ടയും മുകേഷും പ്രതികരിച്ചു. "മലയാള സിനിമ ഞെട്ടലിലാണ്. മലയാള സിനിമയുടെ നഷ്ടമാണ്. ഈ പ്രായത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിൽ സച്ചി വിട്ടുപോകുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല ". കഥയെഴുതുമ്പോള്‍ എങ്ങനെ സിനിമയില്‍ വരണമെന്ന ദീര്‍ഘവീക്ഷണമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും മുകേഷ് പ്രതികരിച്ചു. 

നടൻ സുരേഷ് കൃഷ്ണ

"സഹോദരനാണോ സുഹൃത്താണോ അതോ അതിനേക്കാള്‍ വലിയ ബന്ധമാണോ എനിക്ക് സച്ചിയോട് ഉണ്ടായിരുന്നതെന്ന് അറിയില്ല. പരിചയപ്പെട്ട അന്ന്മുതല്‍ എത്രയോ ഓര്‍മ്മകള്‍. പുതിയ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചിട്ട് രാത്രി ഞാൻ ഐസിയുവിലായിരിക്കും. രാവിലെ വിളിക്കാമെന്ന് പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ അവസാന സംഭാഷണം. രാവിലെ ഇങ്ങനെയൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഞങ്ങളെയെല്ലാം പറ്റിച്ച് അവൻ പോയി"- സുരേഷ് കൃഷ്ണ  പ്രതികരിച്ചു. 

അന്തരിച്ച തിരക്കഥകൃത്തും സംവിധായകനും ആയ സച്ചിയുടെ മൃതദേഹം കൊച്ചി തമ്മനത്തെ വീട്ടിൽ പൊതു ദർശനം തുടരുകയാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സംവിധായകൻ സച്ചിയുടെ അന്ത്യം. തൃശ്ശൂരിൽ നിന്നും ഒൻപതേ കാലോടെയാണ് മൃതദേഹം കൊച്ചിയിൽ എത്തിച്ചത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിൽ പത്തരവരെ പൊതു ദര്‍ശനത്തിന് വച്ചു. പത്തു വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകൻ പ്രവർത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കൾ ആദരാജ്ഞലികൾ അർപ്പിച്ചു.

മുകേഷ്,  ലാൽ,  സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരും സിനിമ പ്രവർത്തകരും ആദരാജ്ഞലി അർപ്പിച്ചു. മന്ത്രി വി എസ് സുനിൽ കുമാർ അടക്കമുള്ള ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എത്തി. പലരും സച്ചിയുടെ ഓർമയിൽ വിങ്ങിപൊട്ടി. തുടര്‍ന്ന് മൃതദേഹം സച്ചി താമസിച്ചിരുന്ന തമ്മനത്തെ വീട്ടിലേക്ക് മാറ്റി. നടന്മാരായ പൃഥ്വി രാജ്, സിദ്ധിഖ്, സംവിധയകന് ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആദരാജ്ഞലികൾ അർപ്പിച്ചു. ഉച്ചകഴിഞ്ഞു നാലു മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടക്കും.  

'സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു', സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു

 

 

 

Follow Us:
Download App:
  • android
  • ios