ഇന്നലെയാണ് ചിത്രീകരണം ആരംഭിച്ചത്

കരിയറില്‍ ഏറെ പ്രതീക്ഷയോടെ എത്തിച്ച രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് സൂര്യ. ശിവയുടെ സംവിധാനത്തിലെത്തിയ കങ്കുവ, കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തിയ റെട്രോ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. എന്നാല്‍ വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ ആ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹം. വലിയ ഹൈപ്പ് വന്നിട്ടില്ലാത്ത എന്നാല്‍ സൂര്യയുടെ നല്ല ചിത്രം ആയിരിക്കാവുന്ന ഒന്നിന് ഇന്നലെ ആരംഭമായിരിക്കുകയാണ്. ലക്കി ഭാസ്കര്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ചിത്രമാണ് ഇത്. സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. എന്നാല്‍ ഇതിന്‍റെ സ്റ്റില്ലുകള്‍ ഒന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

ഫോര്‍ഡ്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. അതിനാല്‍ത്തന്നെ സൂര്യ 46 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. മെയ് 19 ന് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി പഴനി മുരുക ക്ഷേത്രത്തില്‍ സൂര്യയും വെങ്കി അറ്റ്ലൂരിയും അടക്കമുള്ളവര്‍ ദര്‍ശനം നടത്തിയിരുന്നു.

മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഇത് മലയാളി സിനിമാപ്രേമികള്‍ക്ക് ചിത്രത്തോട് കൂടുതല്‍ താല്‍പര്യം ഉണ്ടാക്കുന്ന ഘടകമാണ്. തന്‍റെ അവസാന ചിത്രമായ ലക്കി ഭാസ്കറിലെ എഡിറ്ററെയും ഛായാഗ്രാഹകനെയുമാണ് ഇത്തവണയും വെങ്കി അറ്റ്ലൂരി ഒപ്പം കൂട്ടുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നവീന്‍ നൂലിയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളുടെയും എഡിറ്റിംഗ് നവീന്‍ നൂലി ആയിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് എത്തിയിട്ടില്ല.

അതേസമയം ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും സൂര്യ നായകനായി പുറത്തെത്താനുണ്ട്. സൂര്യയുടെ കരിയറിലെ 45-ാം ചിത്രമാണ് അത്. 2024 നവംബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്