നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് വിമര്‍ശനവുമായി തമിഴ് നടന്‍ സൂര്യ. രാജ്യത്തെ 30 കോടി വിദ്യാര്‍ഥികളുടെ ഭാവിയെ നിര്‍ണയിക്കുന്നതാണ് ഈ വിഷയമെന്നും ഇതേക്കുറിച്ച് സംസാരിക്കാന്‍ ആരും മുന്നോട്ടുവരാത്തതില്‍ താന്‍ അസ്വസ്ഥനാണെന്നും സൂര്യ പറഞ്ഞു. ശ്രീ ശിവകുമാര്‍ ഫൗണ്ടേഷന്റെ 40-ാം വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച സൂര്യയ്‌ക്കെതിരേ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പ്രതിരോധവുമായി സൂര്യ ആരാധകര്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

കെ കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദേശിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് നടപ്പാക്കിയാല്‍ 1848 പൊതു വിദ്യാലയങ്ങളാണ് പൂട്ടേണ്ടിവരുകയെന്നും ദരിദ്രരായ വിദ്യാര്‍ഥികളുടെ ഭാവിയാണ് തുലാസിലാവുകയെന്നും സൂര്യ പറഞ്ഞു. 'ആദിവാസികളുടെയും ദരിദ്രരായ ഗ്രാമീണരുടെയും കുട്ടികള്‍ക്ക് പഠിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടാവില്ല. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് പഠിക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് അപ്ര്യാപ്യമാണ്. അവരപ്പോള്‍ എങ്ങനെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടുക?' സൂര്യ ചോദിച്ചു. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടുക എന്നത് വിദ്യാര്‍ഥികളുടെ പ്രാഥമിക ലക്ഷ്യമായി ഇപ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും അവിടെയും സാമ്പത്തിക പശ്ചാത്തലമനുസരിച്ച് വിദ്യാര്‍ഥികള്‍ രണ്ട് തട്ടുകളിലാക്കപ്പെടുകയാണെന്നും സൂര്യ. 'ഇന്ത്യയിലെ കോച്ചിംഗ് സെന്ററുകളുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 5000 കോടിയാണ്. എട്ടാം ക്ലാസ് മുതല്‍ കുട്ടികള്‍ വിവിധ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിംഗ് ക്ലാസുകളില്‍ പോവുകയാണ്. പക്ഷേ ആ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും നഗരത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നാണ്. അപ്പോള്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്തുചെയ്യും?' സൂര്യ ചോദിക്കുന്നു.

എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഒന്നും അറിയാത്ത ആളാണ് സൂര്യയെന്ന് തമിഴ്‌നാട് വാര്‍ത്താവിതരണ മന്ത്രി കടമ്പൂര്‍ സി രാജു വിമര്‍ശിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സൂര്യയുടെ പ്രസ്താവനയെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജയുടെ വിമര്‍ശനം. സൂര്യയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ മോഹത്തിന് തെളിവാണെന്നായിരുന്നു തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്റെ വിമര്‍ശനം.