Asianet News MalayalamAsianet News Malayalam

ബജറ്റ് 350 കോടി, റിലീസ് 38 ഭാഷകളില്‍! പടം ഹിറ്റ് എങ്കില്‍ രജനിയും വിജയ്‍യും പിന്നില്‍, ഒന്നാമന്‍ സൂര്യ

നിലവില്‍ തമിഴ് സിനിമയിലെ എക്കാലത്തെയും നമ്പര്‍ 1 ഹിറ്റ് രജനികാന്തിന്‍റെ പേരിലാണ്

suriya sivakumar starring kanguva to be released in 38 languages in imax and 3d 2024 release nsn
Author
First Published Nov 20, 2023, 4:39 PM IST

ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം വിജയ ശരാശരിയുള്ള ഇന്‍ഡസ്ട്രി കോളിവുഡ് ആണ്. ഫൈനല്‍ ഗ്രോസ് കളക്ഷനില്‍ ബോളിവുഡ്, തെലുങ്ക് ചിത്രങ്ങള്‍ക്കൊപ്പം ഇനിയും എത്തിയിട്ടില്ലെങ്കിലും ഏത് ഇന്‍ഡസ്ട്രിയില്‍ ഉള്ളവരെയും അസൂയപ്പെടുത്തുന്ന വിജയങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍റെ സമീപകാല ഉദാഹരണങ്ങളാണ് ജയിലറും ലിയോയുമൊക്കെ. തമിഴ് സിനിമ ഏറെ കൌതുകത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളില്‍ എത്തും. രജനികാന്തോ വിജയ്‍യോ അജിത്ത് കുമാറോ കമല്‍ ഹാസനോ ഒന്നുമല്ല അതില്‍ നായകന്‍. മറിച്ച് സൂര്യയാണ്.

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവയാണ് ആ ചിത്രം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഇതിനകം തന്നെ ഹൈപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത് വര്‍ധിപ്പിക്കുന്ന വാക്കുകള്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് എത്തിയിരിക്കുകയാണ്. 38 ഭാഷകളിലാവും ചിത്രത്തിന്‍റെ ആഗോള റിലീസ് എന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സ്റ്റുഡിയോ ഗ്രീന്‍ ഉടമ കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചിരിക്കുന്നത്. "ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും. തമിഴ് സിനിമ ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ള വിപണികളെയെല്ലാം അതിലംഘിച്ചുള്ള റീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താല്‍ ബോക്സ് ഓഫീസ് കണക്കുകളിലും തമിഴ് സിനിമയുടെ റീച്ചിലും ചിത്രം പുതിയ വാതിലുകള്‍ തുറക്കും", ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ജ്ഞാനവേല്‍ രാജ പറയുന്നു.

 

350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടാന്‍ സാധിച്ചാല്‍ തമിഴ് സിനിമയുടെ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ തകര്‍ക്കാന്‍ സാധിക്കുന്ന ചിത്രമായി മാറിയേക്കും ഇത്. നിലവില്‍ തമിഴ് സിനിമയിലെ എക്കാലത്തെയും നമ്പര്‍ 1 ഹിറ്റ് രജനികാന്തിന്‍റെ പേരിലാണ്. ഷങ്കറിന്‍റെ 2.0 ആണ് ചിത്രം. രണ്ടാം സ്ഥാനത്ത് വിജയ്‍യുടെ ഏറ്റവും പുതിയ ചിത്രം ലിയോ ആണ്. 

ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സും സഹനിര്‍മ്മാതാക്കളാണ്. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. ബോളിവുഡ് നായികയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ബി എസ് അവിനാശ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്. 

ALSO READ : വരുന്നത് ബേസില്‍ വക അടുത്ത ഹിറ്റ്? 'ഫാലിമി' ആദ്യ വാരാന്ത്യത്തില്‍ നേടിയത്

Follow Us:
Download App:
  • android
  • ios