ഇരുവരും ഒരുമിക്കുന്നുവെന്ന് 2021 മുതല്‍ പ്രചരണമുണ്ട്

കേരളത്തില്‍ ഏറെ ആരാധകരുള്ള തമിഴ് താരമാണ് സൂര്യ. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കങ്കുവയ്ക്കും മികച്ച ഓപണിംഗ് ആണ് കേരളത്തില്‍ ലഭിച്ചത്. ഇപ്പോഴിതാ മലയാളി സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ സംവിധായകന്‍ അമല്‍ നീരദിന്‍റെ സിനിമയില്‍ സൂര്യ നായകനാവാനുള്ള സാധ്യതകള്‍ സംബന്ധിച്ചാണ് അവ.

സൂര്യയെ നായകനാക്കി അമല്‍ നീരദ് സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമ ആയിരിക്കും ഇതെന്നും പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ആണ് ആദ്യം എക്സില്‍ പോസ്റ്റ് ചെയ്തത്. ഇത് ഒരു മലയാളം/ തമിഴ് ബൈലിംഗ്വല്‍ ആയിരിക്കുമെന്നും അവര്‍ കുറിച്ചിരിക്കുന്നു. അതേസമയം അമല്‍ നീരദും സൂര്യയും ഒരുമിച്ചെത്തുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2021 മുതല്‍ ഉണ്ട്. തന്‍റെ 2022 റിലീസ് എതര്‍ക്കും തുനിന്തവന്‍റെ കേരള പ്രൊമോഷനുവേണ്ടി വന്നപ്പോള്‍ സൂര്യ തന്നെ അമല്‍ നീരദിനൊപ്പം ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചിരുന്നു. 

കാര്‍ത്തിക് സുബ്ബരാജിന്‍റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ കേരള ഷെഡ്യൂളിന് ഇടുക്കിയില്‍ എത്തിയപ്പോഴും അമല്‍ നീരദും സൂര്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ഒരു സൗഹൃദ കൂടിക്കാഴ്ചയാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. അതേസമയം മലയാളത്തില്‍ ഏറെ ആരാധകരുള്ള, മാസ് സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ കൈയില്‍ എടുത്തിട്ടുള്ള അമല്‍ നീരദിനൊപ്പം സൂര്യ ഒന്നിക്കുന്ന ഒരു ചിത്രം വന്നാല്‍ അത് വലിയ ഹൈപ്പ് ആയിരിക്കും സൃഷ്ടിക്കുക. അതേസമയം കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് ശേഷം ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രവും സൂര്യയുടേതായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 

ALSO READ : 'സുകുമാര്‍, ആദ്യ പ്രൊമോയിലെ കടുവ സീന്‍ എവിടെ'? 'പുഷ്‍പ 2' കണ്ട ആരാധകര്‍ ചോദിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം