സുശാന്ത് സിംഗ് രാജ്‍പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന സിനിമയില്‍ നായികയാണ് സഞ്‍ജന സാൻഖി. സുശാന്ത് എന്ന ഇതിഹാസത്തിന് ആദരവും സ്‍നേഹവും അര്‍പിക്കാൻ സിനിമ കാണണം എന്ന് സഞ്‍ജന പറഞ്ഞിരുന്നു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സഞ്‍ജനയുടെ കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. എന്താണ് കാര്യമെന്ന് വ്യക്തമായി കുറിപ്പില്‍ പറയുന്നില്ല. മുംബൈയ്ക്ക് വിട എന്നാണ് സഞ്‍ജന കുറിപ്പില്‍ പറയുന്നത്.

കവിതയുടെ രൂപത്തിലാണ് സഞ്‍ജന സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. മുംബൈയ്ക്കു വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ‍ ദിലിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്‌തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാമെന്നും സഞ്‍ജന എഴുതിയിരിക്കുന്നു. സുശാന്ത് നായകനായ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് നേരത്തെ സഞ്‍ജന എഴുതിയിരുന്നു. നിങ്ങൾ എപ്പോഴും ആഗ്രഹിച്ചതുപോലെ സ്വപ്‍നങ്ങൾ ഓരോന്നും നിറവേറ്റാൻ ഞാൻ എല്ലാം ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നമ്മൾ എല്ലാം ഒരുമിച്ച് ചെയ്യുമെന്ന് നിങ്ങൾ വാഗ്‍ദനം ചെയ്‍തുവെന്നുമായിരുന്നു സഞ്‍ജന എഴുതിയിരുന്നു. സുശാന്തിന്റെ മരണം എല്ലാവരെയും പോലെ സഞ്‍ജനയെയും വലിയ സങ്കടത്തിലാക്കിയിരുന്നു. സുശാന്ത് നായകനായ ദില്‍ ബേചാര 24ന് ആണ് ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ എത്തുക. സൗജന്യമായിട്ടാണ് പ്രദര്‍ശനം.