മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടരുന്നതിനിടെ നടി കങ്കണ റാണാവത്തിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കങ്കണയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ സംവിധായകന്‍ കരണ്‍ ജോഹറിനും നിര്‍മ്മാതാവ് ആദിത്യ ചോപ്രയ്ക്കും പങ്കുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു. മാത്രമല്ല, സുശാന്ത് ഒരു മോശം നടനാണെന്ന് പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍, സുഹൃത്ത് ആദിത്യ ചോപ്രയ്ക്ക് വേണ്ടി സുശാന്തിനെ തകര്‍ക്കാന്‍ കൂട്ടുനിന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാത്രമല്ല ആദിത്യ ചോപ്രയ്ക്ക് സുശാന്തിനോട് പകയുണ്ടെന്നും കങ്കണ ാരോപിച്ചിരുന്നു. 

ജൂലൈ ആദ്യവാരം മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് കങ്കണയുടെ വീട്ടിലെത്തി ബാന്ദ്ര പൊലീസ് സമന്‍സ് നല്‍കിയെങ്കിലും കങ്കണ സ്ഥലത്തില്ലെന്ന് ചൂണ്ടിക്കാട്ടി സമന്‍സ് കൈപ്പറ്റാന്‍ മാനേജര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കങ്കണയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുകയും സഹോദരിയും കങ്കണയുടെ മാനേജറുമായ രംഗോലി ചന്ദേലുമായി ഫോണില്‍ ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ എത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ആദിത്യ ചോപ്ര മുംബൈ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. നാല് മണിക്കൂറിലേറെ സമയമെടുത്താണ് വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ വച്ച് ബാന്ദ്ര പൊലീസ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്.

ജൂണ്‍ 14നാണ് മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആരാധകരും ചില അടുത്ത സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

സുശാന്തിന്റെ സഹപ്രവര്‍ത്തകരെയും സുശാന്തുമായി സഹകരിച്ച സിനിമാ നിര്‍മ്മാതാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തില്‍ ആരോപണം കരണ്‍ ജോഹര്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ളവരിലേക്ക് നീണ്ടിരിക്കുകയാണ്.

കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ അടക്കം 34 പേരില്‍ നിന്നാണ് മൊഴിയെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച സുശാന്തിന്റെ സൈക്യാട്രിസ്റ്റ് ഡോ കെര്‍സി ചവ്ദയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

അതേസമയം സുശാന്തിന്റെ അടുത്ത സുഹൃത്തായ റിയ ചക്രവര്‍ത്തി, ആഭ്യന്തരമന്ത്രി അമിത് ഷായോട് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്താണ് സുശാന്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് തനിക്കറിയണമെന്ന് അമിത് ഷായെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ റിയ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു.