പട്ന: സുശാന്ത് സിങ് രജ്പുത്തിന്റെ ആകാല വിയോ​ഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ജന്മനാട്ടിലെ റോഡിന് സുശാന്തിന്റെ പേര് നൽകിയിരിക്കുകയാണ് നാട്ടുകാർ. ബിഹാറിലെ പൂർണിയയിലാണ് റോഡിന് സുശാന്തിന്റെ പേര് നൽകിയിരിക്കുന്നത്.

പേര് അനാച്ഛാദനം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ബിഹാറിലെ പൂർണിയയിൽ മാൽദിയ ഗ്രാമത്തിലാണ് സുശാന്തിന്റെ ജനനം. സുശാന്തിന്റെ സ്മരണാർത്ഥമാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് മേയർ സവിത ദേവി പറഞ്ഞു. പൂർണിയയിലെ മധുബനി-മാതാ ചൗക്കിലേക്കുള്ള റോഡിനാണ് താരത്തിന്റെ പേര് നൽകിയത്.

ജൂൺ 14നാണ് മുംബൈയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വർഷത്തെ അഭിനയ ജീവിതത്തിൽ മികച്ച നിരവധി വേഷങ്ങളാണ് സുശാന്ത് ആരാധകർക്ക് സമ്മാനിച്ചത്. 2013ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലെത്തുന്നത്.