കൊല്‍ക്കത്ത: അന്തരിച്ച നടന്‍ സുശാന്ത് രാജ്പുത്തിന്റെ മെഴുക് പ്രതിമ നിര്‍മ്മിച്ച് ബംഗാളിലെ ശില്‍പ്പി സുശാന്ത റായ്. അമിതാഭ് ബച്ചന്റെയും വിരാട് കോലിയുടേതുമടക്കമുള്ള പ്രതിമകള്‍ നിര്‍മ്മിച്ച സുശാന്ത നടന്‍ സുശാന്തിന്റെയും മെഴുക് പ്രതിമ നിര്‍മ്മിച്ചിരിക്കുകയാണ്. രാഷ്ട്രീയനേതാവ് ജ്യോതി ബസുവിന്റെ പ്രതിമയും അദ്ദേഹം നിര്‍മ്മിച്ചിരുന്നു. 

''എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയി. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എന്റെ മ്യൂസിയത്തിലേക്ക് ഈ പ്രതിമ നിര്‍മ്മിച്ചു. '' സുശാന്ത റായ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ പുതിയൊരു പ്രതിമ ഉണ്ടാക്കി നല്‍കുമെന്നും സുശാന്ത കൂട്ടിച്ചേര്‍ത്തു.

ആസന്‍സോളില്‍ സുശാന്തയ്ക്ക് മ്യൂസിയമുണ്ട്. ഉത്തം കുമാര്‍, കാസി നസ്‌റുല്‍ ഇസ്ലാം, പെലെ, മദര്‍ തെരേസ എന്നിവരുടെ പ്രതിമകള്‍ ഇവിടെയുണ്ട്. ഈ മെഴുക് പ്രതിമകള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ നിരവധി പേര്‍ മെഴുക് മ്യുസിയത്തിലെത്താറുണ്ട്. 

വ്യാഴാഴ്ചയാണ് പ്രതിമ അനാഛാദനം ചെയ്തത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ശില്‍പ്പി പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേര്‍ പ്രതിമ കാണാനെത്തുന്നുണ്ട്. ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.