മകള്‍ എഴുതിയ പ്രബന്ധത്തെക്കുറിച്ച് നടി സുസ്‍മിത സെൻ.
നിരവധി പേര്‍ക്ക് മാതൃകയായി മാറിയ നടിയാണ് സുസ്‍മിത സെൻ. ലോകസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി. സിനിമയില്‍ ഇടവേളയുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട് സുസ്‍മിത സെൻ. മകള്‍ അലിസയുടെ ഒരു പ്രബന്ധം തന്നെ കണ്ണീരണിയിച്ചെന്നാണ് ഏറ്റവുമൊടുവില്‍ സുസ്‍മിത സെൻ ആരാധകര്‍ക്കായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സുസ്‍മിത സെൻ തന്റെ ഇരുപത്തിനാലാം വയസ്സില്‍ റെനീ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. 2010ല്‍ അലിസാ എന്ന പെണ്‍കുട്ടിയെയും ദത്തെടുത്തു. അലിസ എഴുതിയ ഒരു പ്രബന്ധത്തെ കുറിച്ചാണ് സുസ്‍മിതാ സെൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്. ദത്തെടുക്കല്‍ എന്ന വിഷയത്തെ കുറിച്ചായിരുന്നു പ്രബന്ധം. അലിസ സുസ്‍മിതയ്‍ക്ക് പ്രബന്ധം വായിച്ചുകൊടുക്കുന്ന വീഡിയോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിങ്ങൾ അവള്‍ക്ക് അത്തരത്തില്‍ നല്‍കിയ ജീവിതം ഒരാളെ രക്ഷിക്കുന്നതാണ്. അവൾ എന്നെ കണ്ണീരിലാഴ്ത്തി. സ്നേഹം, സ്വീകാര്യത, സുരക്ഷ, പരിശുദ്ധി, സത്യസന്ധത എന്നിവയുടെ വലിപ്പം ... അവളുടെ ബോധ്യങ്ങളിലെ ദൈവത്വം. അവളെ കേള്‍ക്കുന്നത് ഹൃദയം തുറപ്പിക്കുന്നതാണ്- സുസ്‍മിത സെൻ എഴുതിയിരിക്കുന്നു.
