വടക്കേ മദ്രാസിലെ ഫുട്‍ബോള്‍ താരങ്ങളുടെ കഥയുമായി ഒരു സിനിമ. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ചാമ്പ്യനിലാണ് വടക്കേ മദ്രാസിലെ ഫുട്ബോള്‍ കമ്പക്കാരുടെ കഥ പറയുന്നത്.

ഫുട്ബോളും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞതായിരിക്കും ചാമ്പ്യനെന്ന് സുശീന്ദ്രൻ പറയുന്നു. വടക്കേ മദ്രാസിലെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കുന്ന കുട്ടികളെ കണ്ടാണ് സുശീന്ദ്രന് അങ്ങനെയൊരു സിനിമയിലേക്ക് ചിന്ത വരുന്നതും.  ഇവിടുത്തെ ആൺകുട്ടികൾക്ക് കളിയോട് ഒരു ഇഷ്‍ടമുണ്ട്, എന്നാൽ ഇല്ലാത്തത് വ്യക്തതയാണ്. തെരുവ് ഫുട്ബോളറുടെ ബാല്യത്തിലും ജീവിതത്തിലും പല തടസ്സങ്ങളും വരുന്നു. അക്രമമുണ്ടാകുന്നു. അവന്റെ ജീവിതകാലം മുഴുവൻ മാറ്റുകയും അവന്റെ ഫുട്ബോൾ ദിനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നതാകും ചില കാര്യങ്ങള്‍. വിലയേറിയ താരങ്ങളെ  നഷ്‌ടപ്പെടുത്തുന്നു. ഞങ്ങളുടെ സിനിമ വടക്കേ മദ്രാസിൽ നിന്നുള്ള ഒരു കുട്ടിയെ അവന്റെ അഭിനിവേശം പിന്തുടരാനും ഒരു ദിവസം ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാകാനും പ്രേരിപ്പിക്കുന്നുവെങ്കില്‍ അതാണ് ഞങ്ങളെ സന്തോഷിപ്പിക്കുക- ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സുശീന്ദ്രൻ പറയുന്നു.

വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ലൈ, ജീവ, അഴഗര്‍സാമിയിൻ കുതിരൈ, ജീനിയസ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ.

സുശീന്ദ്രൻ സംവിധാനം ചെയ്‍ത അഴഗര്‍സാമിയിൻ കുതിരൈക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. കമ്പഡി താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ വെണ്ണിലാ കബഡി കുഴുവായിരുന്നു സുശീന്ദ്രന്റെ ആദ്യ ചിത്രം.  പിന്നീട് ജീവ എന്ന സിനിമയില്‍ ക്രിക്കറ്റ് താരത്തിന്റെയും കഥ പറഞ്ഞു.

ചാമ്പ്യനില്‍ വിശ്വ, മൃണാളിനി, ജയപ്രകാശ്, മലയാളി താരം നരേയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ നായകനായ വിശ്വ അമേരിക്കൻ ഫിലിം ഇൻസ്റ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.