ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്.

മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അ​ഗ്നിഹോത്രിയാണ് സംവിധാനം. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിനെത്തിയത്. പ്രശംസയ്ക്കൊപ്പം തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ സംവിധായകനെ പരിഹസിച്ച നടി സ്വരാ ഭാസ്ക്കറാണ്(Swara Bhasker) വാർത്തകളിൽ നിറയുന്നത്. 

വിവേക് ​​അഗ്നിഹോത്രിയെ പരിഹസിച്ച് സ്വര ട്വീറ്റ് ചെയ്യുക ആയിരുന്നു. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് അവരുടെ തലയിൽ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’, എന്നായിരുന്നു സ്വര കശ്മീർ ഫയലിന്റെ പേരെടുത്ത് പറയാതെ വിമർശിച്ചത്. 

പിന്നാലെ വിമർശനവും ട്രോളുകളുമായി നിരവധി പേർ രം​ഗത്തെത്തി. ‘അഭിനന്ദനങ്ങൾ സ്വര. വീണ്ടും നിങ്ങൾ മറ്റൊരാളുടെ വിജയത്തെ കുറിച്ച് പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. നിങ്ങൾ അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്’, എന്നിങ്ങനെ പോകുന്നു ട്രോളുകൾ.

Scroll to load tweet…

അതേസമയം, മാർച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അക്ഷയ് കുമാർ, യാമി ഗൗതം, ഹൻസാൽ മേത്ത തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. 

ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്. 

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

Read Also: The Kashmir Files : 'കശ്‍മീര്‍ ഫയല്‍സി'ന് വിമര്‍ശനവുമായി കേരളത്തിലെ കോണ്‍ഗ്രസ്; പ്രതികരണവുമായി അനുപം ഖേര്‍

ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. "ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്", എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.