മീര നായർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് മിനി സീരീസ് 'എ സ്യൂട്ടബിൾ ബോയ്'ലെ ചുംബന രംഗം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി സ്വര ഭാസ്കർ. കത്വ ബലാത്സംഗം കേട്ടപ്പോൾ രക്തം തിളയ്ക്കാത്തവർക്ക് 'എ സ്യൂട്ടബിൾ ബോയ്'ലെ ചുംബനരംഗത്തെ പറ്റി പറയാൻ അവകാശമില്ലെന്ന് സ്വര ട്വീറ്റ് ചെയ്തു. 

"കത്വയിൽ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളിൽ കൂട്ടബലാത്‌സംഗത്തിന് ഇരയായപ്പോൾ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്? എങ്കിൽ ക്ഷേത്രത്തിൽ ചുംബിക്കുന്ന കല്‍പനാസൃഷ്‌ടമായ ഒരു രംഗത്തിന്മേൽ രോഷാകുലരാവാൻ നിങ്ങൾക്ക് അവകാശമില്ല,"എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

കത്വ കൂട്ടബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ദാരുണമായി മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ സ്വര തന്റെ നിശബ്ദ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു പ്ലക്കാർഡ് പിടിച്ചു നിന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരം തന്റെ അമർഷം രേഖപ്പെടുത്തിയത്.

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മിനി വെബ് സീരിസിനെതിരെ  മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതനിന്ദ ഉണർത്തുന്ന രം​ഗങ്ങൾ നീക്കംചെയ്യണമെന്നും സംഭവത്തിൽ വെബ് സീരീസ് അണിയറക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ​ഗൗരവ് തിവാരി നൽകിയ പരാതിയിലാണ് നെറ്റ്ഫ്ലിക്സിനെയും സീരീസിന്റെ നിർമ്മാതാക്കളെയും പ്രതികളാക്കി കേസ് ഫയൽ ചെയ്തത്.

പ്രാഥമിക അന്വേഷണത്തിൽ രം​ഗങ്ങൾ മതത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളെ അറിയിച്ചു. അമ്പലപരിസരത്തെ ചുംബനരം​ഗങ്ങൾ പ്രദർശിപ്പിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ട്വിറ്ററില്‍ ശക്തമായിരുന്നു. ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗിലായിരുന്നു പ്രചരണം.