മഹേഷിന്റെ പ്രതികാരത്തിനും കുമ്പളങ്ങി നൈറ്റ്‌സിനും ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന പുതിയ സിനിമ വരുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് 'തങ്കം' എന്നാണ് പേരിട്ടിരിക്കുന്നത്. സഹീദ് അറാഫത്ത് എന്ന പുതുമുഖസംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗും കൗതുകമുണര്‍ത്തുന്നതാണ്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. 'കുമ്പളങ്ങി നൈറ്റ്‌സ്' ആണ് കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം. അതിന്റെ നിര്‍മ്മാണത്തിലും ഫഹദ് ഒപ്പമുണ്ടായിരുന്നു. നേരത്തേ അമല്‍ നീരദിന്റെ 'വരത്തന്റെ'യും നിര്‍മ്മാതാവ് ആയിരുന്നു ഫഹദ്.

ഗൗതം ശങ്കര്‍ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് കിരണ്‍ ദാസ്. ചുവപ്പ് നിറത്തിലെ പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. 'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയേക്കാവുന്ന സിനിമയാണ് ഇത്.