മുംബൈ: ദക്ഷിണേന്ത്യയ്ക്കും ബോളിവുഡിനും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് ത്പസി പന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്നാണ് തപ്സി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളില്‍ സജീവമായ നടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  വളരെ കുറച്ചു ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ദക്ഷിണേന്ത്യ വിട്ട് ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന വാര്‍ത്തകളോട് തപ്സി തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ബോളിവുഡിലേക്കുള്ള ചവിട്ടുപടിയായല്ല താന്‍ ദക്ഷിണേന്ത്യന്‍ സിനിമയെ കണ്ടതെന്ന് തപ്സി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയിലാണ് തപ്സിയുടെ വെളിപ്പെടുത്തല്‍.

'ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയോട് എനിക്ക് വളരെയധികം കടപ്പാടുണ്ട്. ഒരു ഘട്ടത്തില്‍ പോലും ബോളിവുഡിലേക്കുള്ള മാര്‍ഗമായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളെ കണ്ടിട്ടില്ല. സിനിമയുടെ അടിസ്ഥാന ഘടകങ്ങളായ ക്യാമറയും അഭിനയവുമെല്ലാം എന്നെ പഠിപ്പിച്ചത് അവരാണ്. ഇപ്പോള്‍ ഞാന്‍ ഭാഷയും പഠിച്ചു. ഈ രംഗം വിടുക എന്നത് മണ്ടത്തരമാണ്. ഞാന്‍ തുടര്‍ന്നും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കും'- തപ്സി പറഞ്ഞു. 

നേരത്തെ പുറത്തുവന്ന അഭിമുഖത്തില്‍ ഒരു തുടക്കക്കാരിയായാണ് ബോളിവുഡില്‍ തന്നെ പരിഗണിക്കുന്നതെന്നും 15 സിനിമകളില്‍ അഭിനയിച്ച തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും തപ്സി പറഞ്ഞിരുന്നു. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചതു കൊണ്ട് മാത്രം തന്‍റെ സിനിമകള്‍ വിശ്വസനീയമല്ലെന്ന് പറയുന്നതും പിന്‍വരിയില്‍ പോയി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും നടി തുറന്നു പറഞ്ഞിരുന്നു.