ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ്

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് മേഖലകള്‍ക്ക് ദുരിതാശ്വാസവുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ എത്തിയിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് ചലച്ചിത്രത്തിന്‍റെ അണിയറക്കാര്‍ തങ്ങളുടെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടി റദ്ദാക്കിയിരിക്കുകയാണ്. പരിപാടിക്കായി വേണ്ടിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് അവരുടെ തീരുമാനം.

വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന ചിത്രത്തിന്‍റെ അണിയറക്കാരുടേതാണ് ഈ തീരുമാനം. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. ശ്രീ ഗോകുലം മൂവീസ് ആണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്നുവരികയാണ്.

100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം. പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭയും അഴകിയ പെരിയവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി, ഡാനിയേല്‍ കാല്‍റ്റഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍പുദുരൈ, വേട്ടൈ മുത്തുകുമാര്‍, ക്രിഷ് ഹസന്‍, അര്‍ജുന്‍ അന്‍പുടന്‍, സമ്പത്ത് റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം