വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പെന്ന് റിപ്പോര്‍ട്ടുകള്‍

വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് വിരാമമിട്ട് അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും, അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്. അതേസമയം തങ്ങളുടെ ബന്ധത്തിലെ സ്വകാര്യത സംരക്ഷിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. ബന്ധം ഒളിച്ചുവെക്കാതിരിക്കുമ്പോള്‍ത്തന്നെ അതിന്‍റെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്ന് ഒരു പഴയ അഭിമുഖത്തില്‍ വിജയ് വര്‍മ്മ പറഞ്ഞിരുന്നു. 

അതേസമയം വളരെ സ്വാഭാവികമായി സമയമെടുത്ത് വളര്‍ന്നതാണ് തങ്ങള്‍ക്കിടയിലെ ബന്ധമെന്നാണ് തമന്ന പറഞ്ഞിട്ടുള്ളത്. തുറന്ന സമീപനമുള്ള, സത്യസന്ധതയുള്ള ആളാണ് വിജയ് വര്‍മ്മയെന്നും അത് തന്നെ സംബന്ധിച്ച് ഈ ബന്ധം ലളിതമാക്കിയെന്നും തമന്ന ഒരു മുന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വൈകാരികമായ അതിര്‍വരമ്പുകളൊന്നുമില്ലാതെ യഥാര്‍ഥ സ്വത്വത്തോടെ ഇരിക്കാന്‍ ഈ ബന്ധത്തില്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും. അതേസമയം രണ്ടുപേരും പുതിയ വാര്‍ത്തകള്‍ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് ഇരുവരും.

ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം