പ്രണയബന്ധം തകര്‍ന്നതാണ് മരണത്തിന് കാരണമെന്ന് ദീപയുടെ ആത്മഹത്യാക്കുറിപ്പ്.

പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) രണ്ടു ദിവസം മുമ്പ് ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിക്കുന്നു. ദീപയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രണയബന്ധം തകര്‍ന്നതാണ് മരണത്തിന് കാരണമെന്ന് ദീപ കുറിപ്പില്‍ സൂചിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഇത് ആത്മഹത്യാ കേസാണോ അതോ നടി ആത്മഹത്യ ചെയ്യാൻ ആരെങ്കിലും പ്രേരണയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണത്തിന്റെ തലേദിവസം ഒരു ഓട്ടോയില്‍ ദീപ അപാര്‍ട്‍മെന്റില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത് അയല്‍വാസികളായിരുന്നു. തുടര്‍ന്ന് കോയമ്പേട് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റ്‍മാര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ശേഷം ദീപയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കുകയുമായിരുന്നു. മൃതദേഹം ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയതായി ദീപയുടെ ബന്ധുക്കള്‍ അറിയിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ദീപ.

മാതാപിതാക്കള്‍ ദീപയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇത് ദീപയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്, ഇതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപയുടെ മരണത്തില്‍ തമിഴ് സിനിമാ ലോകത്തെ സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

തമിഴ് സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ. മിഷ്‍കിൻ സംവിധാനം ചെയ്‍ത 'തുപ്പറിവാളനി'ൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ. സി എസ് മഹിവർമൻ സംവിധാനം ചെയ്‍ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ദീപ ശ്രദ്ധേയയായത്. ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിലായിരുന്നു ദീപ താമസിച്ചുവന്നിരുന്നത്.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍