സാങ്കേതിക മികവ് കൊണ്ട് ശ്രദ്ധേയമായ 'ഉടുമ്പൻചോല വിഷൻ' എന്ന ചിത്രത്തിന് ശേഷം എ & ആർ മീഡിയ ലാബ്സ് പുതിയ സിനിമയൊരുക്കുന്നു

നിർമ്മാതാവ് എന്ന നിലയിലും ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിലും തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ‘ഉടുമ്പൻചോല വിഷനെ’ന്ന് അഷര്‍ എ. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തിനും സാങ്കേതിക മികവിനും ലഭിക്കുന്ന അഭിനന്ദനങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. സാങ്കേതികമികവ് കൊണ്ടും വ്യത്യസ്തമായ ദൃശ്യാവിഷ്കാരം കൊണ്ടും ശ്രദ്ധ നേടുകയാണ് ‘ഉടുമ്പൻചോല വിഷൻ’. ചിത്രത്തിന്റെ ദൃശ്യങ്ങൾക്ക് പിന്നിൽ ആറ് മാസത്തിലേറെ നീണ്ട വിഎഫ്എക്സ്, ഗ്രാഫിക്സ് പ്രവർത്തനങ്ങളാണുള്ളത്. സിനിമയുടെ ദൃശ്യലോകം കൂടുതൽ മികവുറ്റതാക്കുന്നതിനായി വലിയ മുന്നൊരുക്കങ്ങളും സാങ്കേതിക അധ്വാനവും ആവശ്യമായി വന്നു. വിദേശ രാജ്യങ്ങളിലടക്കം വിഎഫ്എക്സ് പ്രവർത്തനങ്ങൾക്കായി നടത്തിയ ഇടപെടലുകളും ഈ സിനിമയുടെ സാങ്കേതിക മികവിനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഒരു സിനിമയുടെ കഥയും അവതരണവും പോലെതന്നെ അതിന്റെ ദൃശ്യഭാഷയും സാങ്കേതിക നിലവാരവും പ്രേക്ഷകരിലേക്ക് അനുഭവം പകരുന്നതിൽ നിർണായകമാണെന്ന കാഴ്ചപ്പാടോടെയാണ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയതെന്ന് അണിയറക്കാര്‍ പറയുന്നു.

അതേസമയം ഉടുമ്പൻചോല വിഷന് പിന്നാലെ മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് എ & ആർ മീഡിയ ലാബ്സ്. സിനിമാലോകത്തെ രസകരമായ കഥകളും കൗതുകകരമായ സംഭവങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ഹ്യൂമർ ചിത്രമായിരിക്കും ഇത്. പഴയകാല സിനിമാ രീതികളും ഇന്നത്തെ സിനിമാ ലോകത്തിന്റെ മാറ്റങ്ങളും തമ്മിലുള്ള രസകരമായ വ്യത്യാസങ്ങൾ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങളിലൊന്നാകും. സിനിമയ്ക്കുള്ളിൽ നടക്കുന്ന കൗതുകകരമായ സംഭവങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും നർമ്മത്തിന്റെ പുതിയ തലങ്ങളിലൂടെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പതിവ് ഹ്യൂമർ അവതരണശൈലികളിൽ നിന്ന് മാറി, സമകാലിക പ്രേക്ഷകരുടെ അഭിരുചികൾക്ക് അനുയോജ്യമായ ശൈലിയിലായിരിക്കും ചിത്രത്തിന്റെ അവതരണം. മലയാളത്തിലെ രണ്ട് പ്രമുഖ യുവതാരങ്ങളായിരിക്കും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക.

താരങ്ങളുടെ പ്രകടനത്തിനൊപ്പം തിരക്കഥയും അവതരണവും ഹാസ്യത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുന്ന രീതിയിലായിരിക്കും ഈ ചിത്രം ഒരുങ്ങുക. മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്തി, സാങ്കേതിക മികവിലും ദൃശ്യാവിഷ്കാരത്തിലും ഉയർന്ന നിലവാരം ഉറപ്പാക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ പേരും മറ്റ് താരനിരയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming