'എല്ലാം മണ്ണോട് മണ്ണായി പുതയപ്പെട്ടു..'; പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ
പ്രകൃതിയാണ് എല്ലാമെന്നും മന്‍സൂര്‍ അലിഖാന്‍.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് തമിഴ് നടൻ മൻസൂർ അലിഖാൻ. ദുരന്തത്തിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അറിയിച്ച നടൻ, പ്രകൃതിയാണ് എല്ലാമെന്നും പറഞ്ഞു. മനസുലയ്ക്കുന്ന ദുരന്തമാണ് വയനാട്ടിൽ നടന്നിരിക്കുന്നതെന്നും മൻസൂർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
'വയനാട്..ജാതി-മതം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ..മേൽജാതി, കീഴ് ജാതി, ഉയർന്നവൻ, താഴ്ന്നവൻ, സിനിമാക്കാർ, രാഷ്ട്രീയക്കാർ, അവസരവാദികൾ, ബന്ധങ്ങൾ, പക ഒന്നും ഇല്ല.. പ്രകൃതിയാണ് എല്ലാം. ഗ്രാമങ്ങൾ, കുടുംബങ്ങൾ, ജീവനുകൾ എല്ലാം മണ്ണോട് മണ്ണായി പുതയപ്പെട്ടു. മനസുലയ്ക്കുന്ന ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. ഒരു വശത്ത് റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളെയും പട്ടണങ്ങളെയും നഗരങ്ങളെയും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർമയിൽ ഇരിക്കട്ടെ. എല്ലാം പ്രകൃതിയാണ്. ജീവൻ നഷ്ട്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു', എന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. വീഡിയോയുടെ അവസാനം കെകൂപ്പി പൊട്ടിക്കരയുന്ന നടനെ വീഡിയോയിൽ കാണാം.
അതേസമയം, വയനാട്ടിലെ അട്ടമല, ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒട്ടനവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 380 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ അൽപസമയത്തിനകം ഒരുമിച്ച് സംസ്കരിക്കും. അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണ് സംസ്ക്കരിക്കുന്നത്. സർവ്വമത പ്രാർത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 67 ൽ 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്.
എന്റെ ഭർത്താവിനെ കിട്ടിയതും സീരിയലിൽ നിന്ന്: മനോഹര യാത്ര അവസാനിക്കുന്നുവെന്ന് മീര വാസുദേവൻ
ഇതിനിടെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. 18 രക്ഷാപ്രവര്‍ത്തകരാണ് കാട്ടില്‍ അകപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സൂചിപ്പാറ വെള്ളച്ചാട്ടതിന് സമീപത്ത് നിന്നും ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..