ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ അപ്ഡേറ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം

മലയാള സിനിമാ വ്യവസായത്തിന് മികച്ച തുടക്കം ഇട്ടിരിക്കുകയാണ് ഫെബ്രുവരി. തുടര്‍ച്ചയായെത്തിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാര്യമായി പ്രേക്ഷകരെ എത്തിക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് യുവനിരയെ അണിനിരത്തി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ വന്‍ അഭിപ്രായമാണ് നേടിയത്. ദിവസങ്ങള്‍ക്കിപ്പുറം മമ്മൂട്ടി നായകനായ ഭ്രമയുഗം തിയറ്ററുകളില്‍ എത്തിയിട്ടും പ്രേമലു ബോക്സ് ഓഫീസില്‍ ഇടറിയില്ല എന്ന് മാത്രമല്ല കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍.

മലായാളം, തമിഴ് സിനിമാ വ്യവസായങ്ങളില്‍ താന്‍ കാണുന്ന ഒരു വ്യത്യാസം കൂടി ചൂണ്ടിക്കാട്ടുന്നു അദ്ദേഹം. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ അപ്ഡേറ്റ് സംബന്ധിച്ച് ഒരു ബോക്സ് ഓഫീസ് ട്രാക്കറുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് എക്സിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. "3 കോടി ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രം ഇതിനകം 31 കോടിയിലേറെ നേടിയിരിക്കുന്നു. 50 കോടി കടക്കുമെന്ന് കരുതപ്പെടുന്നു. മലയാളത്തിലും തെലുങ്കിലും മാത്രം സാധ്യമായ ഒരു കാര്യമാണിത്. നിര്‍ഭാഗ്യവശാല്‍ തമിഴ് സിനിമയില്‍ ഇത് സാധ്യമല്ല. ചെറിയ ബജറ്റില്‍ എത്തുന്ന ഒരു സിനിമയ്ക്ക് തമിഴില്‍ പരമാവധി 10- 20 കോടി കളക്ഷനേ ലഭിക്കൂ. മലയാളത്തിനേക്കാള്‍ വളരെ വലിയ മാര്‍ക്കറ്റ് ആണെങ്കില്‍ പോലും", ധനഞ്ജയന്‍ കുറിച്ചു.

റിലീസിന്‍റെ ഒന്‍പതാം ദിനമായിരുന്ന ശനിയാഴ്ചയാണ് പ്രേമലു ഏറ്റവുമധികം കളക്ഷന്‍ നേടിയതെന്നാണ് അനൗദ്യോഗിക കണക്ക്. ഇന്നത്തെ കളക്ഷന്‍ അതിനും മുകളില്‍ വരുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. നസ്‍ലെന്‍, മമിത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഗിരീഷ് എ ഡിയുടെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ്.

ALSO READ : നിര്‍മ്മാതാവും സംവിധായകനും ഇരട്ടകള്‍; വിജയത്തിന് പിന്നാലെ പിറന്നാള്‍ മധുരവുമായി ഡോള്‍വിനും ഡാര്‍വിനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം