ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. ബോക്സ് ഓഫീസിലടക്കം മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ആദ്യമായി മലയാളം മിനിസ്ക്രീനില്‍ എത്തുന്നു.

ചില സിനിമകൾ അങ്ങനെയാണ്, നിനച്ചിരിക്കാതെ വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരം സിനിമകൾക്ക് ഭാഷാഭേദങ്ങളും ഇല്ല. അങ്ങനെയൊരു സിനിമയായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും പ്രധാന വേഷത്തിലെത്തിയ ഈ തമിഴ് ചിത്രം മലയാളികൾ അടക്കം ഏറ്റെടുത്തിരുന്നു. ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവച്ച ടൂറിസ്റ്റ് ഫാമിലി ഇപ്പോൾ ആദ്യമായി മലയാളം മിനിസ്ക്രീൻ പ്രീമിയറിന് തയ്യാറെടുക്കുകയാണ്.

ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. ഒക്ടോബർ 5 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ടൂറിസ്റ്റ് ഫാമിലി സംപ്രേഷണം ചെയ്യും. മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്. അബിഷൻ ജിവിന്ത് ആയിരുന്നു സംവിധാനം ചെയ്ത ചിത്രം ഫാമിലി- കോമഡി എന്റർടെയ്നറായിട്ടായിരുന്നു ഒരുങ്ങിയത്. സൂര്യ ചിത്രം റെട്രോയ്ക്ക് ഒപ്പമായിരുന്നു ടൂറിസ്റ്റ് ഫാമിലിയുടേയും റിലീസ്. റെട്രോയെ മറി കടന്നുള്ള പ്രകടനമായിരുന്നു പ്രേക്ഷക സ്വീകാര്യതയും ബോക്സ് ഓഫീസിലും ചിത്രം കാഴ്ച വച്ചത്.

വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ചെന്നൈയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രേക്ഷക മനസിന് തൃപ്തി നൽകുന്ന ക്ലൈമാക്സോടെ അവസാനിക്കുന്ന ചിത്രം മലയാളികൾക്കിടയിലും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം, 7 കോടി രൂപയാണ് ടൂറിസ്റ്റ് ഫാമിലിയുടെ നിർമാണ ചെലവ്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 86.25 കോടി രൂപ ആ​ഗോള തലത്തിൽ ചിത്രം നേടിയിട്ടുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്