ക്ഷേത്രത്തിലെ പണം വകമാറ്റാൻ അറിയില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് വിജയ് പറഞ്ഞു.
തമിഴ്‍നാട് നിയമസഭയില്‍ നയം വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. തമിഴ്‍നാടിൻറെ വികസനവും വളർച്ചയും മാത്രം ആണ് ലക്ഷ്യമെന്ന് വിജയ് പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. മതേതര സർക്കാർ ആയി തുടർന്നും പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു.
ഞങ്ങൾ ആരുടേയും ടീം അല്ല, ജനത്തിന്റെ ടീം മാത്രം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ആശയപരമായ എതിർപ്പുണ്ട്. എന്നാൽ കണ്ണടച്ച് എല്ലാ വിഷയത്തിലും കേന്ദ്രത്തെ എതിർക്കില്ല. തമിഴ്നാടിൻറെ വികസനവും വളർച്ചയും മാത്രം ആണ് ലക്ഷ്യം. മതേതര സർക്കാർ ആയി തുടർന്നും പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ അവകാശത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ദ്വിഭാഷാനയത്തിൽ നിലപാട് മാറ്റില്ലെന്നും വിജയ് പറഞ്ഞു.
ടാസ്മാക്കിൽ അഴിമതി നടന്നു. പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിച്ചു. ജനത്തിന്റെ പണം തൊടാൻ അനുവദിക്കില്ല. ഇതിനു മുൻപ് തൊട്ടവരെയും വെറുതെ വിടില്ല. ആരുടെയോ ഔദാര്യത്തിൽ ആണ് സർക്കാർ രൂപീകരിച്ചത് എന്ന് ചിലർ പറയുന്നു. ജനങ്ങളുടെ അനുമതിയോടെയാണ് ടിവികെ ഭരിക്കുന്നത്. സിപിഎമ്മും സിപിഐയും സ്വന്തം തീരുമാനം ആണ് എടുത്തതെന്ന് പറഞ്ഞുകഴിഞ്ഞു. എന്നിട്ടും ചിലർ അവകാശം ഉന്നയിക്കുകയാണെന്നും പറഞ്ഞു വിജയ്.
ഷൂട്ടിങ്ങിൽ നിന്ന് നേരേ സിഎം ആയത് പോലെയാണ് പലരും പറയുന്നത്. ചിലർ ആഗ്രഹിക്കുന്ന ഭാഷയിൽ സംസാരിക്കണം എന്ന് പറയുന്നു. സാധാരണ നടനിൽ നിന്ന് ഇവിടം വരെയെത്തിയത് തമിഴ് ജനതയുടെ പിന്തുണയിലാണ്. വിവിധ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടതിനെ കുറിച്ച് പറയുന്നു. തന്റേത് സുതാര്യ രാഷ്ട്രീയമാണ്. കരൂർ ഒരിക്കലും മറക്കാത്ത വേദനയാണ്. ഒരിക്കലും ഒന്നിക്കില്ലെന്ന് വിചാരിച്ചവർ പോലും വിജയ്‍യെ തടയാൻ ഒന്നിക്കുന്നു. അവരുടെ കാര്യം ജനങ്ങൾ നോക്കിക്കൊള്ളും. വിജയ്ക്കും മന്ത്രിമാർക്കും ഒന്നും അറിയില്ലെന്ന് പലരും പറയുന്നു. ശരിയാണ്, വിജയ്ക്ക് അറിയാത്ത പലതുമുണ്ട്. ജനത്തിന്റെ പണം മോഷ്ടിക്കാൻ അറിയില്ല. ടെണ്ടർ തുക കൃത്രിമമായി ഉയർത്തി അഴിമതി ചെയ്യാൻ അറിയില്ല. ക്ഷേത്രത്തിലെ പണം വകമാറ്റാൻ അറിയില്ല. സൗജന്യ യാത്രയെ ഓസി ബസ് എന്ന് പരിഹസിക്കാൻ അറിയില്ലെന്നും വിജയ് പറഞ്ഞു.
