ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'.
ആയിരം അടി നീളമുള്ള നടൻ സിമ്പുവിന്റെ(Silambarasan) ബാനർ നീക്കം ചെയ്ത് തമിഴ്നാട് പൊലീസ്. മധുരയിൽ ആയിരുന്നു സംഭവം. സിമ്പുവിന്റേതായി റിലീസിനൊരുങ്ങിന്ന 'മഹാ' എന്ന ചിത്രത്തിൻ്റെ ബാനർ ആണ് ആരാധകർ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബാനർ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹായിൽ അതിഥി വേഷത്തിലാണ് സിമ്പു എത്തുന്നത്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് 'മഹാ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ഡിസിപി ധനുഷ്‍കോടി എന്ന കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തി.
ഗോകുൽ സംവിധാനം ചെയ്യുന്ന 'കൊറോണ കുമാര്‍' എന്ന ചിത്രത്തിലും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിമ്പു ആണ്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് കൊറോണ കുമാറിന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.
'മിലൻ പാടിയത് അവന്റെ 'ആകാശമായവളെ', ആ കൊത്തുപണികൾ അവന്റേതാണ്'; ഷഹബാസ്
