നടന്‍ സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു സിനിമയും ഭാവിയില്‍ തീയേറ്റര്‍ കാണില്ലെന്ന ഭീഷണിയുമായി തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍. 2ഡി എന്‍റര്‍ടെന്‍മെന്‍റ്സിന്‍റെ ബാനറില്‍ സൂര്യ നിര്‍മ്മിച്ച്, ജ്യോതിക നായികയാവുന്ന 'പൊന്മകള്‍ വന്താല്‍' എന്ന ചിത്രം തീയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമിലേക്ക് നേരിട്ടുള്ള റിലീസിന് ഒരുങ്ങുന്നതായി കഴഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസിന് കാത്തുനിന്നാല്‍ അനിശ്ചിതമായി വൈകുമെന്ന കാരണത്താലാണ് നിര്‍മ്മാതാവ് ഡയറക്ട് ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യ വാരം ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‍നാട് തീയേറ്റര്‍ ഓണേഴ്‍സ് ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്‍സ് അസോസിയേഷന്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോയിലൂടെയാണ് തീയേറ്റര്‍ ഓണേഴ്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പണ്ണീര്‍സെല്‍വം സംഘടനയുടെ പ്രതികരണം അറിയിച്ചത്. "തീയേറ്ററുകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ആദ്യം തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണം. അല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിലല്ല." തീരുമാനം മാറ്റാത്തപക്ഷം സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു സിനിമയും ഭാവിയില്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്നും പണ്ണീര്‍സെല്‍വം പറയുന്നു. ഈ തീരുമാനം നടപ്പായാല്‍ സൂര്യ നായകനായെത്തുന്ന സൂരറൈ പൊട്രുവിന്‍റെ റിലീസും പ്രതിസന്ധിയിലാവും.

എന്നാല്‍ പൊന്മകള്‍ വന്താലിന്‍റെ റിലീസിനെക്കുറിച്ചോ തീയേറ്റര്‍ ഉടമകളുടെ പ്രതികരണത്തെക്കുറിച്ചോ സൂര്യയോ ജ്യോതികയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതുമുഖ സംവിധായകന്‍ ജെ ജെ ഫ്രെഡറിക് ഒരുക്കുന്ന പൊന്മകള്‍ വന്താല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഭാഗ്യരാജ്, പാര്‍ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.