മുംബൈ: രാജ്യത്താകെ അലയടിച്ച ആദ്യ മീ ടു ആരോപണമായിരുന്നു നടൻ നാനാ പടേക്കറിനെതിരെ നടിയും മുന്‍ മിസ്  ഇന്ത്യയുമായ തനുശ്രീ ദത്ത ഉന്നയിച്ചത്. പത്ത് വർഷങ്ങൾക്ക് ഒരു സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നും അക്കാരണത്താൽ 2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽനിന്ന് തനിക്ക് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് തനുശ്രീയുടെ വെളിപ്പെടുത്തൽ. തുടർന്ന് നാനാ പടേക്കറിൽനിന്ന് നേരിട്ട ലൈം​ഗികാതിക്രമത്തിനെതിരെ തനുശ്രീ മുംബൈ പൊലീസിൽ പരാതി നൽകി. എന്നാൽ നാന പടേക്കറിനെതിരെ  തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

കേസ് അവസാനിപ്പിച്ചെങ്കിലും നാനാ പടേക്കറിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് തനുശ്രീ വീണ്ടും. നാനാ പടേക്കർ നടത്തി വരുന്ന സന്നദ്ധ സംഘടനയായ നാമിനെ ലക്ഷ്യം വച്ചായിരുന്നു തനുശ്രീയുടെ പരാമർശം. നാനാ പടേക്കറും അദ്ദേഹത്തിന്റെ നുണകളും ദിവസന്തോറും വെളിച്ചത്തായി കൊണ്ടിരിക്കുകയാണ്. ഹോൺ ഓക്കെ പ്ലീസിന്റെ സെറ്റിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് പറയാൻ വ്യാജ ദൃക്സാക്ഷികളെ ഹാജരാക്കി. എന്നാൽ സാക്ഷികളെ ഉപയോ​ഗിച്ച് കള്ളം പറയിച്ചെങ്കിലും നിരപരാധിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതിനാൽ അദ്ദേഹം നിയമത്തെ വിലക്കെടുത്തു.

ഇതിലൂടെ എല്ലാവർക്കും എല്ലാം വ്യക്തമാണ്. എന്നാൽ കൊടുംവരൾച്ച മൂലം കടം കേറി ദിനംപ്രതി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ അവസ്ഥയെന്താണ്? കർഷകരുടെ പേരിൽ നാനാ പടേക്കറിന്റെ സംഘടന ശേഖരിക്കുന്ന പണം എവിടെ? എന്തുകൊണ്ടാണ് പണം കർഷകർക്ക് വിതരണം ചെയ്യാത്തത്? ദശലക്ഷക്കണക്കിനാളുകളെ കബളിപ്പിക്കുന്നതിന് പാവപ്പെട്ട കർഷകരുടെ പേരിൽ എന്തൊക്കെ നുണകളാണ് പറയുന്നത്? ആളുകളിൽനിന്ന് ശേഖരിച്ച പണം എവിടെ? എന്തുകൊണ്ടാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ മുമ്പത്തെക്കാളും വർധനവുണ്ടാകുന്നത്? അഴിമതിക്കാരനായ അദ്ദേഹത്തിന്റെ മുഖമൂടി അഴിഞ്ഞ് വീഴുന്നത് രാജ്യം മുഴുവനും കാണുകയാണ്. ലൈം​ഗികാതിക്രമ കേസിൽ നിങ്ങൾ‌ക്കെതിരെ പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നതിന്റെ അർത്ഥം നിങ്ങൾ നിരപരാധിയാണെന്നല്ല, പുറത്തിറക്കിയ കുറിപ്പിൽ തനുശ്രീ കുറിച്ചു.

നാനാ പടേക്കർ സ്ത്രീകളെ ശല്യം ചെയ്യുമെന്ന കാര്യം ഹിന്ദി ചലച്ചിത്ര മേഖലയിലെ എല്ലാവർക്കും അറിയാം. എന്നാൽ താങ്കളെ വിശ്വസിച്ച ഒരുകൂട്ടം കർഷകരുടെ രക്തക്കറ നിങ്ങളുടെ കയ്യിൽ പറ്റിയിട്ടുണ്ട്. അവരുടെ പേരിൽ കൈപ്പറ്റിയ പണം ലഭിക്കാതെ മരിച്ചവരാണവർ. നിസ്സഹായാവസ്ഥയിലാണ് അവർ മരണത്തിന് കീഴടങ്ങിയത്. പക്ഷെ തങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപ നാമെന്ന സന്നദ്ധ സംഘടയിലൂടെ ലഭിച്ചിട്ടുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. എന്നാൽ ഒരവശിഷ്ടം പോലും ബാക്കിയാക്കാതെ ആ പണമത്രയും അപ്രത്യക്ഷമാകുകയായിരുന്നു. നിങ്ങളുടെ പാപം അതിരുന്നു കവിഞ്ഞിരിക്കുകയാണ് നാന. ഒരു വ്യാജ ക്ലീൻ ചീറ്റും നിങ്ങളെ രക്ഷപ്പെടുത്താൻ പോകുന്നില്ലെന്നും തനുശ്രീ കൂട്ടിച്ചേർത്തു.

നേരത്തെ തനുശ്രീയുടെ ആരോപണങ്ങളെ തള്ളി നാനാ പടേക്കർ രം​ഗത്തെത്തിയിരുന്നു. നൂറോളം പേരുള്ള സെറ്റിൽ താനെങ്ങനെ മോശമായി പെരുമാറിയെന്നായിരുന്നു നാനായുടെ വാദം. മഹാരാഷട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ, ഹോൺ ഓകെ പ്ലീസ് സംവിധായകൻ രാകേഷ് സാരം​ഗ് എന്നിവർ നാനായെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. അതിനിടയിലാണ് നാനാ പടേക്കറിൽനിന്ന് നേരിട്ട ലൈം​ഗികാതിക്രമത്തിനെതിരെ തനുശ്രീ മുംബൈ പൊലീസിൽ പരാതി നൽകിയത്. തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർ, രാകേഷ് സാരം​ഗ് എന്നിവർക്കെതിരെ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു.

കേസിൽ പതിനഞ്ചോളം സാക്ഷികളെ ഹാജരാക്കിയെങ്കിലും സാക്ഷി മൊഴികളും തനുശ്രീയുടെ വാദങ്ങളും തമ്മിൽ യോജിപ്പില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഒടുവിൽ നടിക്കെതിരെ ലൈം​ഗികാതിക്രമം നടന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് കാണിച്ച് മുംബൈ പൊലീസ് കേസ് അവസാനിപ്പിച്ചു.