സിനിമാ മേഖലയിൽ ചുവട് വയ്ക്കുന്ന സമയത്ത് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റി തുറന്ന് പറഞ്ഞ് നടി തപ്സി പന്നു. വളരെ വിചിത്രമായ കാരണം പറഞ്ഞാണ് ബോളിവുഡിലെ ഒരു ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയതെന്ന് തപ്‌സി പറയുന്നു. ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തതെന്ന് താരം പറയുന്നു.

"തുടക്കത്തിൽ തന്നെ വളരെ വിചിത്രമായ ചില കാര്യങ്ങൾ ഞാൻ നേരിട്ടു. ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു ചിത്രത്തില്‍ നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ അവഗണന നേരിട്ടുണ്ട്. അക്കാരണവും പറഞ്ഞ് എന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഒരിക്കല്‍ ഒരു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു മറുപടി. എന്നാൽ മാറ്റില്ലെന്ന് തന്നെ ഞാൻ പറഞ്ഞു. പിന്നീട് ആ ഭാഗം വേറെ ആളെ വെച്ച് അവര്‍ ഡബ്ബ് ചെയ്ത് കൂട്ടിച്ചേര്‍ത്തു", തപ്സി പറയുന്നു.

മറ്റൊരു ചിത്രത്തിലെ അണിയ പ്രവർത്തകർ തന്നോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും തപ്സി പറഞ്ഞു."എന്റെ പ്രതിഫലം മാത്രം കുറയ്ക്കാൻ കാരണമെന്തെന്ന് ചോദിച്ചു.  ഹീറോയുടെ മുമ്പത്തെ പടം അത്ര ഓടിയില്ല. സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ട് നായികയായ എന്റെ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു മറുപടി. മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായി മാറ്റി. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് നായകന്‍ സംവിധായകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ പേരിലാണ് സീന്‍ വെട്ടിച്ചുരുക്കിയത്" തപ്‌സി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ഇതെല്ലാം തന്റെ അറിവിലുള്ള കാര്യങ്ങളാണെന്നും ഇതുപോലെ പുറത്തുവരാത്ത നിരവധി സംഭവങ്ങള്‍ സിനിമാമേഖലയില്‍ ഉണ്ടെന്നും തപ്‌സി പറഞ്ഞു.