കങ്കണയെ വീണ്ടും ട്രോളി തപ്‍സി രംഗത്ത്. മിഷൻ മംഗള്‍ എന്ന സിനിമയ്‍ക്ക് പിന്തുണയുമായി കങ്കണ രംഗത്ത് എത്തിയില്ലല്ലോയെന്നാണ് തപ്‍സി ചോദിക്കുന്നത്. നേരത്തെ കങ്കണ തപ്‍സിക്ക് എതിരെ രംഗത്ത് എത്തിയ സംഭവം പരാമര്‍ശിച്ചാണ് ട്രോള്‍.  സ്‍ത്രീകള്‍ പരസ്‍പരം പിന്തുണയ്‍ക്കണമെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. മാത്രവുമല്ല തപ്‍സി കങ്കണയുടെ കോപ്പിയാണെന്ന് പറഞ്ഞ് രംഗോളി ചന്ദലും രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ സഹോദരിയാണ് രംഗോളി.

അവര്‍ എപ്പോഴും സ്‍ത്രീകള്‍ പരസ്‍പരം പിന്തുണയ്‍ക്കുന്നതിനെ കുറിച്ച് പറയാറുണ്ട്. പക്ഷേ എന്റെ ഒരു സിനിമയെ കുറിച്ച് എന്തെങ്കിലും നല്ല വാക്ക് അവര്‍ പറയുന്നത് ഞാൻ കേട്ടിട്ടില്ല. മിഷൻ മംഗളില്‍ അഞ്ച് സ്‍ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. അവര്‍ ഞങ്ങളെ പ്രശംസിച്ചോ?. ഞാൻ അവരുടെ ജൂനിയറാണ്. അവരുടെയത്രെ സിനിമകള്‍ എനിക്കുണ്ടാകില്ല. പക്ഷേ മികച്ച സിനിമകള്‍ ചെയ്‍തിട്ടുണ്ട്, പലരും അതിനെ അഭിനന്ദിക്കുകയും ചെയ്‍തിട്ടുണ്ട്- തപ്‍സി പറയുന്നു.

കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്നെ വിഷമിപ്പിച്ചുവെന്നും ഒരു അഭിമുഖത്തില്‍ തപ്‍സി വ്യക്ത‍മാക്കി. ഞാൻ ആദരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ള അത്തരം പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. നിരാശയാക്കി. അവരുടെ കോപ്പിയാണ് ഞാൻ എന്നു പറഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. കാരണം അവര്‍ മികച്ച നടിയാണ്. അത് അവഹേളിക്കുന്നതായി ഞാൻ കാണുന്നില്ല. അവര്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ അവരെ കുറിച്ച്  തന്നെയാണ് വിലയിരുത്തപ്പെടുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അസഹനീയമായിരുന്നു. പക്ഷേ ഞാൻ അവര്‍ക്കെതിരെ നിലകൊള്ളില്ല. കാരണം ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഞാൻ അവരെ ഇഷ്‍ടപ്പെടുന്നു. അത് തുടരുക തന്നെ ചെയ്യും- തപ്‍സി പറയുന്നു.

സ്വജനപക്ഷപാതം പറഞ്ഞ് കങ്കണ എന്നെ വിമര്‍ശിക്കുന്നത് എങ്ങനെയാണ്. ഞാൻ ഒരുപാട് കഷ്‍ടപ്പെട്ടുതന്നെയാണ് ഇവിടെ എത്തിനില്‍ക്കുന്നത്- തപ്‍സി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്കിന്റെ ടീസറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ രംഗത്തെത്തിയപ്പോള്‍ രംഗോളിക്ക് മറുപടിയുമായി തപ്‍സി കമന്റിട്ടതും വൈറലായിരുന്നു.

യഥാര്‍ഥ ഇന്ത്യൻ നായികമാരെ വെളളിത്തിരയിലേക്ക് കൊണ്ടുവരുന്നതില്‍ ആശംസകള്‍ എന്ന അര്‍ഥത്തിലായിരുന്നു വരുണ്‍ ധവാൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയത്. സംവിധായകനെ മാത്രമാണ് വരുണ്‍ പേരെടുത്ത് പ്രശംസിച്ചത്.  എന്നാല്‍ എന്തുകൊണ്ട് തന്റെ പേര് എടുത്തുപറഞ്ഞില്ല, അഭിനന്ദിച്ചില്ല എന്നായിരുന്നു തപ്‍സിയുടെ കമന്റ്. പിന്നാലെ തപ്‍സിയെയും ചിത്രത്തിലെ മറ്റൊരു നായിക ഭൂമിയെയും പേരെടുത്ത് പറഞ്ഞും വരുണ്‍ ധവാൻ ആശംസകള്‍ അറിയിച്ചു. മുമ്പ് 'ജെഡ്‍ജ്‍മെന്റല്‍ ഹെ ക്യാ'യുടെ ട്രെയിലറിനെ പ്രശംസിച്ചും വരുണ്‍ ധവാൻ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ കങ്കണയുടെ പേര്  കണ്ടില്ലെന്ന് പറഞ്ഞ് രംഗോളി വരുണ്‍ ധവാനെ ട്രോളി. പിന്നാലെ എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് വരുണ്‍ ധവാൻ രംഗത്ത് എത്തുകയും ചെയ്‍തു. രംഗോളിയുടെ പരാമര്‍ശത്തെ പരിഹസിച്ചിട്ടാണ് തപ്‍സി കമന്റിട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.