തപ്‍സി നായികയാകുന്ന പുതിയ ചിത്രമാണ് സാൻഡ് കി ആങ്ക്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ടീസറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ രംഗത്ത് എത്തി. എന്നാല്‍ വരുണ്‍ ധവാന്റെ  അഭിനന്ദനത്തിന് തപ്‍സി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കങ്കണയുടെ സഹോദരി രംഗോളിയെ പരിഹസിച്ചാണ് തപ്‍സിയുടെ മറുപടി. യഥാര്‍ഥ ഇന്ത്യൻ നായികമാരെ വെളളിത്തിരയിലേക്ക് കൊണ്ടുവരുന്നതില്‍ ആശംസകള്‍ എന്ന അര്‍ഥത്തിലായിരുന്നു വരുണ്‍ ധവാൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയത്. സംവിധായകനെ മാത്രമാണ് വരുണ്‍ പേരെടുത്ത് പ്രശംസിച്ചത്.  എന്നാല്‍ എന്തുകൊണ്ട് തന്റെ പേര് എടുത്തുപറഞ്ഞില്ല, അഭിനന്ദിച്ചില്ല എന്നായിരുന്നു തപ്‍സിയുടെ കമന്റ്. പിന്നാലെ തപ്‍സിയെയും ചിത്രത്തിലെ മറ്റൊരു നായിക ഭൂമിയെയും പേരെടുത്ത് പറഞ്ഞും വരുണ്‍ ധവാൻ ആശംസകള്‍ അറിയിച്ചു. മുമ്പ് ജെഡ്‍ജ്‍മെന്റല്‍ ഹെ ക്യായുടെ ട്രെയിലറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ കങ്കണയുടെ പേര്  കണ്ടില്ലെന്ന് പറഞ്ഞ് രംഗോളി വരുണ്‍ ധവാനെ ട്രോളി. പിന്നാലെ എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് വരുണ്‍ ധവാൻ രംഗത്ത് എത്തുകയും ചെയ്‍തു. രംഗോളിയുടെ പരാമര്‍ശത്തെ പരിഹസിച്ചിട്ടാണ് തപ്‍സി കമന്റിട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്.  പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക.