Asianet News MalayalamAsianet News Malayalam

'പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കുക'; റിമ കല്ലിങ്കല്‍ പറയുന്നു

"പെണ്‍കുട്ടികള്‍ക്കുമുണ്ട് അവരുടേതായ ഒരു മനസ്, മറ്റേത് മനുഷ്യനെയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ്"

teach boys that girls dont owe them anything says rima kallingal
Author
Thiruvananthapuram, First Published Oct 2, 2021, 8:07 PM IST

പാലാ സെന്‍റ് തോമസ് കോളെജില്‍ (St. Thomas College, Pala) സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ (Rima Kallingal). പെണ്‍കുട്ടികള്‍ തങ്ങളോട് യാതൊന്നും കടപ്പെട്ടിട്ടില്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും പെണ്‍കുട്ടികള്‍ക്കും അവരുടെ മനസും അതിന്‍റെ തീരുമാനങ്ങളുമുണ്ടെന്നും റിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

റിമ കല്ലിങ്കലിന്‍റെ കുറിപ്പ്

പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കുക. പെണ്‍കുട്ടികള്‍ക്കുമുണ്ട് അവരുടേതായ ഒരു മനസ്, മറ്റേത് മനുഷ്യനെയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ്. ശരിയാണ്, അവള്‍ മുന്‍പ് നിങ്ങളെ സ്നേഹിച്ചിരിക്കും, ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും. അല്ലെങ്കില്‍ നിങ്ങളോട് സ്നേഹത്തിലായിരിക്കുമ്പോള്‍ത്തന്നെ ആ സ്നേഹമാവില്ല അവള്‍ക്ക് പരമപ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്, നിങ്ങള്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ. നിങ്ങളുടെ 'തേപ്പ് കഥകളോ'ടും പട്ടം ചാര്‍ത്തലുകളോടും പോകാന്‍ പറ.

ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളെജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക്  വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios