​ദില്ലി: ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നത് സ്കൂൾ കാലഘട്ടമായിരിക്കും. ഒരുമിച്ച് പഠിച്ചും കളിച്ചും ചിരിച്ചുമുള്ള നല്ല അനുഭവങ്ങൾ പഠിക്കുന്ന സമയത്ത് മാത്രമെ കിട്ടുകയുള്ളു. പ്രവേശനോത്സവും മുതൽ ശിശുദിനം വരെ വിദ്യാർത്ഥികളുടെ സ്കൂൾ‌ ജീവിതം രസകരമാക്കാനായി നിരവധി പരിപാടികളാണ് അധ്യാപകർ നടത്താറുള്ളത്. കുട്ടികളും അധ്യാപകരും ചേർന്ന് പരിപാടികളെല്ലാം അതി​ഗംഭീരമാക്കി അത് നല്ലൊരു ഓർമ്മയാക്കിയും മാറ്റും. അത്തരത്തിൽ തന്റെ വിദ്യാർത്ഥികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമ്മ സമ്മാനിച്ചിരിക്കുകയാണ് സിക്കിമിലെ ഒരു സ്കൂളിലെ അധ്യാപിക.

ശിശുദിനത്തിൽ തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയാണ് ഷെരിങ് ധോമ ഭൂട്ടിയ എന്ന അധ്യാപിക കുട്ടികളുടെ മനസ്സ് നിറച്ചിരിക്കുന്നത്. സിക്കിമിലെ മെല്ലി സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയാണ് ധോമ. 2015ൽ പുറത്തിറങ്ങിയ 'ബാജിറാവോ മസ്താനി' എന്ന ബോളിവുഡ് ചിത്രത്തിലെ 'മൽഹാരി' എന്ന ​ഗാനത്തിനാണ് അധ്യാപിക ചുവടുവച്ചത്. ടീ ഷേർട്ടും പാന്റ്സും ധരിച്ചായിരുന്നു അധ്യാപികയുടെ പ്രകടനം. രൺവീർ സിംഗിന്റെ നൃത്തച്ചുവടുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ​ഗാനമായിരുന്നു മൽഹാരി.

വളരെ എനർജെറ്റിക്കായിട്ടാണ് ധോമ ന‍ൃത്തം ചെയ്യുന്നത്. ​രൺവീറിന്റെ അതേ ചുവടുകളും ധോമ പരീക്ഷിക്കുന്നുണ്ട്. തന്റെ നൃത്തച്ചുവടുകൾക്കൊണ്ട് സദസ്സിനെ പ്രകമ്പനം കൊള്ളിച്ച അധ്യാപികയെ നിറകയ്യടിയോടെയും ആർത്തുവിളിച്ചുമാണ് കുട്ടികൾ പ്രോത്സാഹിപ്പിക്കുന്നത്. ഡാൻസ് കളിക്കുന്നതിനിടെ മറ്റ് മൂന്ന് വിദ്യാർത്ഥികളെയും കൂടി അധ്യാപിക ചുവടുവയ്ക്കുന്നതിനായി വിളിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഇതുവരെ അമ്പതിനായിരത്തോളം പേരാണ് കണ്ടത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.