നോയിഡ‌: നടി ഷബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ പരാമർശം നടത്തിയ സർക്കാർ സ്കൂൾ‌ അ​ധ്യാപികയെ സസ്പെൻഡ് ചെയ്തു. ​ഗ്രേയിറ്റർ നോയിഡയിലെ ദാദ്രി ജൂനിയർ ഹൈസ്കൂളിലെ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തതെന്ന് ​ഗൗതം ബുദ്ധ നഗർ അടിസ്ഥാന ശിക്ഷ അധികാരി ബാൽ മുകുന്ദ് പ്രസാദ് പറഞ്ഞു.

തിങ്കളാഴ്ചയാണ് നടി ഷബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെടുന്നത്. ഇത് ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്കുള്ള സേവന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണെന്ന് കണ്ടെത്തുകയും ഉടൻ നടപടി കൈക്കൊള്ളുകയുമായിരുന്നുവെന്നും മുകുന്ദ് പ്രസാദ് പറഞ്ഞു. അനിശ്ചിതകാലത്തേക്കാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More: കാറപകടത്തിൽ നടി ഷബാന അസ്മിക്ക് ഗുരുതര പരിക്ക്

സസ്പെൻഷൻ കാലയളവ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സസ്പെൻഷന് വിധേയയായ അധ്യാപിക ഷബാന ആസ്മിയുടെ മരണം ആ​ഗ്രഹിച്ചിരുന്നതായി സഹപ്രവർത്തകർ ആരോപിച്ചു.

Read More: കാര്‍ അപകടം: ഷബാന അസ്മിയുടെ ഡ്രൈവർക്കെതിരെ കേസ്

ജനുവരി 18നായിരുന്നു ഷബാന ആസ്മി സ‍ഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഒപ്പമുണ്ടായ ർത്താവ് ജാവേദ് അക്തർ അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ കാറോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെ‍ടുത്തിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടാർ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ് ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ കേസെടുത്തത്.