ഓരോ ആഴ്ചയും വ്യത്യസ്തമായ ടാസ്‌ക്കുകളുമായി നിരവധി താരങ്ങള്‍ ഷോയില്‍ അണിനിരക്കാറുണ്ട്

ദക്ഷിണേന്ത്യയിലെ തന്നെ മികച്ച മ്യൂസിക് ഷോകളില്‍ ഒന്നാണ് ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്. ജനപ്രീതിയില്‍ എന്നും മുന്നില്‍ നിന്ന മ്യൂസിക്കല്‍ ഗെയിംഷോയുടെ അഞ്ചാമത് സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ജനപ്രിയ താരങ്ങള്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യതന്നെയാണ് ഈ ഷോ.

ഓരോ ആഴ്ച്ചയും വ്യത്യസ്തമായ ടാസ്‌ക്കുകളോടെ നിരവധി താരങ്ങള്‍ ഷോയില്‍ അണിനിരക്കാറുണ്ട്. ഇത്തവണ ആഘോഷത്തിന്റെ തിരയിളക്കവുമായെത്തുന്നത് ടീം സാന്ത്വനമാണ്. പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍, അഞ്ജലിയായെത്തുന്ന ഗോപികാ അനില്‍, സേതുവായെത്തുന്ന ബിജേഷ്, അച്ചുവിനെ അവതരിപ്പിക്കുന്ന മഞ്ജുഷ, അപ്പുവായെത്തുന്ന രക്ഷ, കണ്ണനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ്, ജയന്തിയായി സ്‌ക്രീനിലെത്തുന്ന അപ്‌സര തുടങ്ങി വലിയൊരു നിരതന്നെയാണ് ഷോയില്‍ എത്തുന്നത്. പാട്ടും ഡാന്‍സും വിശേഷങ്ങളുമായി സാന്ത്വനം താരങ്ങള്‍ എത്തുന്നതിന്റെ പ്രൊമോ വീഡിയോയ്‌ക്കെല്ലാം സോഷ്യല്‍മീഡിയയില്‍ വന്‍ പിന്തുണയാണ് കിട്ടുന്നത്. സ്‌ക്രീനില്‍ ജോഡികളായെത്തുന്ന 'ശിവാഞ്ജലി' യുടെ തകര്‍പ്പന്‍ ഡാന്‍സെല്ലാം പ്രൊമോ വീഡിയോയില്‍ കാണാം. കൂടാതെ ബിജേഷിന്റെ തകര്‍പ്പന്‍ സ്റ്റെപ്പുകളും അച്ചു സുഗന്ധിന്റെ ഡാന്‍സുമെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

നിങ്ങളെ ഇത്ര ഹാപ്പിയായി കാണുമ്പോള്‍ത്തനെ ഒരു സന്തോഷം എന്നാണ് പലരും കമന്റ് ചെയ്യുന്നത്. പരമ്പരയില്‍ കുറച്ചധികം കാലമായിട്ട് ശോകാവസ്ഥയാണുള്ളത്. കുടുംബത്തിലെ ബിസിനസ് തകര്‍ച്ചകള്‍, അമ്മയുടെ മരണം തുടങ്ങി ആകെ ശോകമൂകമായിരിക്കുന്ന കഥാപാത്രങ്ങളെല്ലാം, ആഘോഷത്തിമിര്‍പ്പില്‍ എത്തിയപ്പോള്‍ പ്രേക്ഷകരുടെ സന്തോഷം കമന്റുകളായാണ് കാണാവുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സ്റ്റാര്‍ട്ട് മ്യൂസിക് ഷോ സംപ്രേഷണം.

ALSO READ : 'ലോകേഷ് അപരന്‍ കണ്ടിട്ടുണ്ടാവുമോ'? 'ലിയോ' ട്രെയ്‍ലറിന് ശേഷം ചോദ്യമുയര്‍ത്തി മലയാളികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക