ദുല്‍ഖര്‍ സല്‍മാന് കരിയറിന്റെ തുടക്കകാലത്ത് ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു 'എബിസിഡി'. 'അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി' എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു ആ പേര്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസിലും വിജയമായിരുന്നു. ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നതായ വാര്‍ത്ത നേരത്തേ വന്നതാണ്. ഇപ്പോഴിതാ തെലുങ്ക് റീമേക്ക് തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. തെലുങ്കിലും എബിസിഡി എന്ന് തന്നെയാണ് പേര്.

അല്ലു സിരീഷ് നായകനാവുന്ന തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത് 2012ല്‍ 'ലോഗിന്‍' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ സഞ്ജീവ് റെഡ്ഡിയാണ്. രുക്ഷര്‍ ധില്ലനാണ് നായിക. നാഗേന്ദ്ര ബാബു, മാസ്റ്റര്‍ ഭരത്, കോട്ട ശ്രീനിവാസ റാവു, ശുഭലേഖ സുധാകര്‍, രാജ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച (മെയ് 17) ചിത്രം തീയേറ്ററുകളിലെത്തും.

സുരേഷ് പ്രൊഡക്ഷന്‍സ്, മധുര എന്റര്‍ടെയ്ന്‍മെന്റ്, ബിഗ്‌ബെന്‍ സിനിമാസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം. യൂദാ സന്ധിയാണ് സംഗീതം. റാം ഛായാഗ്രഹണം. പുറത്തെത്തിയ ടീസറിനും ട്രെയ്‌ലറിനുമൊക്കെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മലയാളം പതിപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രമാവും തെലുങ്ക് 'എബിസിഡി' എന്നാണ് ടോളിവുഡിലെ പൊതുവിലയിരുത്തല്‍.