രജനികാന്തിന്റെ നായക വേഷത്തിനായി മറ്റൊരു താരത്തെയും സമീപിച്ചിരുന്നു. 

രജനികാന്തിന്റെ കരിയറിലെ വൻ വിജയമായ ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയിരുന്നു. എന്നാല്‍ രജനികാന്തിനെ ആയിരുന്നില്ല ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ സൂപ്പര്‍ താരം ചിരഞ്‍ജീവിയെയായിരുന്നു ജയിലറില്‍ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിലറിലേക്ക് ക്ഷണിച്ചെങ്കിലും നടൻ ചിരഞ്‍ജീവി ചിത്രത്തില്‍ നായകനാകാൻ തയ്യാറായിരുന്നില്ല.ജയിലറില്‍ പാട്ടോ മികച്ച ഡാൻസ് രംഗങ്ങളോ നായകനായ മുത്തു പാണ്ഡ്യനെ പ്രൊജക്റ്റ് ചെയ്യും വിധം ഇല്ല എന്നതാണ് ചിരഞ്‍ജീവിയെ പിൻമാറാൻ പ്രേരിപ്പിച്ച കാരണം. എന്തായാലും ചിരിഞ്‍ജീവിക്ക് വലിയ നഷ്‍ടമാണ് ചിത്രത്തില്‍ നായകനാകാതിരുന്നതില്‍ സംഭവിച്ചത് എന്ന് വ്യക്തം. രാജ്യമൊട്ടെകെ ശ്രദ്ധയാകര്‍ഷിക്കാൻ അവസരം ലഭിച്ച ചിത്രമായി മാറിയിരുന്നു വൻ വിജയത്തോടെ ജയിലര്‍.

ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയിലധികം നേടാൻ ജയിലറിന് ആയിരുന്നു എന്നതില്‍ നിന്ന് ചിരഞ്‍ജീവിക്കുണ്ടായ നഷ്‍ടം എത്ര വലുതാണെന്ന് വ്യക്തമായിരിക്കുന്നു. നായകൻ നിറഞ്ഞാടുന്ന പാൻ ഇന്ത്യൻ ചിത്രമായിരുന്നു ജയിലര്‍. പാട്ടുകളോ ഡാൻസുകളോ ഇല്ലാതെ തന്നെ ചിത്രത്തിലെ നായകന് വേണ്ട കരിസ്‍മ മുത്തുവേല്‍ പാണ്ഡ്യന് ഉണ്ടായിരുന്നു. രജനികാന്തിന് എന്നും ഓര്‍ക്കാവുന്ന ഹിറ്റ് കഥാപാത്രമായി മുത്തുവേല്‍ പാണ്ഡ്യൻ.

നെല്‍സണാണ് ജയിലര്‍ ഒരുക്കിയത്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ അതിഥിയായിയെത്തിയപ്പോള്‍ ചിത്രത്തില്‍ കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനിലും ചെറു റോളുകളാണെങ്കിലും വിജയത്തില്‍ നിര്‍ണായകമായി. ഓരോ നാട്ടിലെയും മുൻനിര നടൻമാര്‍ക്ക് സംവിധായകൻ ചിത്രത്തില്‍ അര്‍ഹിക്കുന്ന പരിഗണ നല്‍കിയിരുന്നു.

Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക