പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തൈക്കുടം ബ്രിഡ്ജ്

മീപകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധനേടിയ കാന്താര എന്ന ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ​ഗായൻ ഹരീഷ് ശിവരാമകൃഷ്ണനും ഇന്ന് പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൈക്കുടം ബ്രിഡ്ജ്. 

പാട്ട് കോപ്പി അടിച്ചതാണെന്ന് തൈക്കുടം ബ്രിഡ്ജും വാദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരാധകരോട് ഈ വിഷയത്തിലെ പിന്തുണയും തൈക്കുടം ബ്രിഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ arrangementന്‍റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്', എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. 

Navarasam - Thaikkudam Bridge - Official Music Video HD

തിയറ്ററുകളില്‍ ആവേശപ്പൂരം നിറച്ച പാട്ടായിരുന്നു കാന്താരയിലെ ‘വരാഹ രൂപം’. അജനീഷ് ലോകേഷ് ആണ് ഗാനത്തിന്‍റെ സംഗീത സംവിധായകന്‍. ഗാനം റിലീസ് ആയതിന് പിന്നാലെ നിരവധി പേര്‍ തൈക്കുടത്തിന്‍റെ നവരസം കോപ്പിയാണിതെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷിന്‍റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിട്ടുമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു. 

Kantara - Varaha Roopam(Lyric Video)| Sai Vignesh | Rishab Shetty | Ajaneesh Loknath | Hombale Films

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താര. റിഷഭ് തന്നെയാണ് നായകനും. ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തി. എല്ലാ ഭാഷകളിലും പണംവാരി പടമായിരിക്കുകയാണ് കാന്താര ഇപ്പോള്‍. കെജിഎഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയുടെയും നിര്‍മ്മാതാക്കള്‍.

കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പി: ഹരീഷ് ശിവരാമകൃഷ്ണൻ