ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ മലയാളി താരം ഷംന കാസിം വേഷമിടുന്നു. ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയായാണ് ചിത്രത്തിൽ ഷംന കാസിം എത്തുന്നത്. എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്‌.

തലൈവിയിൽ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. ''എഎല്‍ വിജയ്‌ ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ താനുമുണ്ടെന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞത് വളരെ മികച്ചൊരു അവസരമാണ്. കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു'',  ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.