മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം 

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ പഴയ ആവേശത്തില്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ആശങ്ക സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. മറുഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ ധാരാളമായി ആളെത്തുമ്പോള്‍ മലയാളം പടങ്ങളെ മുന്‍പത്തേതുപോലെ പ്രേക്ഷകര്‍ ആഘോഷിക്കുന്നില്ലെന്ന നിരീക്ഷണം തിയറ്റര്‍ ഉടമകള്‍ക്കുമുണ്ട്. ഇതിനു വിപരീതമായി ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം നേട്ടമുണ്ടാക്കിയത്. ഇപ്പോഴിതാ ഒരു പുതിയ മലയാളം ചിത്രത്തിന് റിലീസിനു മുന്‍പേ അഡ്വാന്‍സ് റിസര്‍വേഷനില്‍ ലഭിക്കുന്ന മികച്ച പ്രതികരണം തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ നല്‍കുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല എന്ന ചിത്രമാണ് സമീപകാലത്ത് ഒരു മലയാള ചിത്രവും നേടാത്ത തരത്തിലുള്ള പ്രീ റിലീസ് ബുക്കിംഗ് നേടിയിരിക്കുന്നത്.

ചിത്രത്തിന്‍റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. അതേസമയം ചിത്രത്തിന്‍റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൌദ്യോഗിക കണക്കുകള്‍. ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

ALSO READ : വൻ ജനക്കൂട്ടം; പ്രൊമോഷൻ നടത്താനാകാതെ മടങ്ങി 'തല്ലുമാല' ടീം, സ്നേഹത്തിന് നന്ദിയെന്ന് ടൊവിനോ

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.