മുംബൈ: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടി ഷബാന ആസ്മി ആശുപത്രി വിട്ടു. വീട്ടിലെത്തിയ താരം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി അറിയിച്ചു. മുംബൈയിലെ കോകിലാ ബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും താരം നന്ദി പറഞ്ഞു.

'വേ​ഗം സുഖംപ്രാപിക്കുന്നതിനുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി. ഞാൻ വീട്ടിൽ തിരിച്ചെത്തി. നന്ദി ടീന അംബാനി. മികച്ച പരിചരണത്തിന് കോകിലാ ബെൻ ആശുപത്രിയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും എന്റെ അകമഴിഞ്ഞ നന്ദി', ഷബാന ആസ്മി ട്വിറ്ററിൽ കുറിച്ചു.

ജനുവരി 18നായിരുന്നു ഷബാന ആസ്മി സ‍ഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഒപ്പമുണ്ടായ ർത്താവ് ജാവേദ് അക്തർ അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ കാറോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെ‍ടുത്തിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടാർ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ് ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ കേസെടുത്തത്.