മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ചുള്ള മൊബൈൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ യുഎഇ മാറ്റം വരുത്തി. രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മാറ്റമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

അബുദാബി: മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ മാറ്റം വരുത്തി യുഎഇ. രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് അലർട്ട് ടോണിൽ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

രാവിലെ ഒമ്പത് മുതൽ രാത്രി 10. 30 വരെ മിസൈൽ ഭീഷണിയുണ്ടായാൽ മൊബൈലുകളിൽ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ സന്ദേശത്തിന്റെ ടോണും ലഭിക്കും. രാത്രി 10.30 മുതൽ രാവിലെ 9 മണി വരെ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോൺ മാത്രമേ ഉണ്ടാകൂ. ഭീഷണി ഒഴിയുമ്പോഴുള്ള സന്ദേശത്തിനും സാധാരണ ടോൺ ആയിരിക്കും.

അലർട്ട് സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ?

'സെൽ ബ്രോഡ്‌കാസ്റ്റ്' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സന്ദേശങ്ങൾ അയക്കുന്നത്.

പ്രത്യേകതകൾ

  • സൈലന്റ് മോഡിനെ മറികടക്കും: ഫോൺ സൈലന്റ് മോഡിലായാലും മുന്നറിയിപ്പ് ശബ്ദം കേൾപ്പിക്കാൻ ഈ സംവിധാനത്തിന് കഴിയും.
  • ജിയോ-ടാർഗെറ്റഡ്: മിസൈൽ ഭീഷണിയുള്ള നിർദ്ദിഷ്ട മേഖലയിലുള്ളവർക്ക് മാത്രമാണ് സന്ദേശം ലഭിക്കുക. മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഇത് ഉണ്ടാക്കില്ല.
  • എല്ലാവർക്കും ലഭ്യമാകും: പ്രാദേശിക നമ്പറുകൾ ഉള്ളവർക്കും ടൂറിസ്റ്റുകൾക്കും ഒരേപോലെ ഈ സന്ദേശം ലഭിക്കും.
  • പൊതുജന സുരക്ഷ ഉറപ്പാക്കാൻ സംവിധാനം പൂർണ്ണ സജ്ജമാണെന്നും, ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എൻസിഇഎംഎ അഭ്യർത്ഥിച്ചു. അലർട്ട് ലഭിച്ചാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.