കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതിന് മോഹൻലാലിന് നന്ദിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ കേരളത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി എത്തിയ കാര്യം മോഹൻലാല്‍ അറിയിച്ചിരുന്നു. ആശുപത്രി കിടക്കകള്‍ അടക്കമുള്ള സഹായവുമായവുമായാണ് മോഹൻലാല്‍ രംഗത്ത് എത്തിയത്. കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീണ ജോര്‍ജിന്റെ കുറിപ്പ്

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹൻലാൽ തന്നത്. 

ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ശ്രീ മോഹൻലാൽ ആശംസകൾ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.