കൗമാര പ്ലസ് ടു കാലത്തിന്റെ കഥയുമായി എത്തി തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ജൂലായ് 26ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 45 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. സിനിമ  കണ്ടവരാരും ചിത്രത്തിലെ നായകൻ ജെയ്‌സന്റെ ചേട്ടൻ ജോയ്‌സണെ മറന്നുകാണില്ല. അത്രത്തോളം പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് ജോയ്സൺ എന്ന കഥാപാത്രം. തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥ ഒരുക്കിയ ഡിനോയ് പൗലോസാണ് ജോയ്സൺ എന്ന കഥാപാത്രമായി എത്തിയത്. ഇപ്പോളിതാ ഡിനോയ് പൗലോസിനെ നായകനാക്കി തണ്ണീർ മത്തൻ ടീം പുതിയ ചിത്രം ഒരുക്കുന്നു എന്നാണ് വിവരം. 

പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതും ഡിനോയ് പൗലോസ് തന്നെയാണ്. ചിത്രത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിനോയ് പൗലോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. ജൂൺ എന്ന ചിത്രത്തിലും ഡിനോയ് അഭിനയിച്ചിട്ടുണ്ട്. ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കുന്നത്. എഡിറ്ററായി ഷമീര്‍ മുഹമ്മദും സംഗീത സംവിധായകനായി ജസ്റ്റിന്‍ വര്‍ഗീസും പുതിയ ചിത്രത്തിലുണ്ടാവുമെന്നാണ് വിവരം.