കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് താര രംഗത്തെത്തിയത്. 

''എന്നാണ് സ്ത്രീകളോട് ഇവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പോകുന്നത്. എന്നാണ് ശരിക്കുമുള്ള സ്വാതന്ത്ര്യം കിട്ടാന്‍ പോകുന്നത്. എനിക്ക് സങ്കടമല്ല, ദേഷ്യമാണ് വരുന്നത്. ഇത് ആര്‍ക്കുവേണേല്‍ സംഭവിച്ചൂടെ... എന്നെപ്പോലെ ഒരാള്‍ പ്രതികരിച്ചാല്‍ മാത്രമേ ഇത് അവസാനിക്കൂ... സോഷ്യല്‍ മീഡിയ എനിക്കും നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അല്ലെങ്കില്‍ അത് 'പെര്‍വെര്‍ട്ട്' മീഡിയ ആയിപ്പോകുമെന്ന് താരാ കല്യാണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

അതേസമയം പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും താര കല്യാണ്‍ പറഞ്ഞു. നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ താരാ കല്യാണ്‍ പ്രതികരിച്ചിരുന്നു. 

''ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എന്റെ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. അതിന്റെ താഴെ കമന്റിട്ട് ആസ്വദിക്കുന്നവരുമുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമോ , എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ കല്യാണത്തിന്റെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ. നിന്നെയൊക്കെ ഇങ്ങനെയാണോ പ്രസവിച്ച് വളര്‍ത്തിയിരിക്കുന്നത്. ഞാനെന്ന വ്യക്തി ഈ ജന്മം നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്‍റെ ഗതികേട് വരാതിരിക്കട്ടേ...'' ഇങ്ങനെയായിരുന്നു താരാ കല്യാണ്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണം. 

ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.  അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് നര്‍ത്തകി കൂടിയായ താരാകല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.