തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപേലെ ഏറ്റുവാങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പറേഷൻ ജാവയുടെ രണ്ടാം ഭാ​ഗം വരുന്നു. ഒപ്പറേഷൻ കംമ്പോഡിയ എന്നാണ് ചിത്രത്തിന്റെ പേര്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാ​ഗത്തുണ്ടായിരുന്ന ലുക്‌മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി, ദീപക് വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.

കൊവിഡ് അനന്തരം തിയറ്ററുകളിലെത്തി സ്ലീപ്പര്‍ ഹിറ്റ് ആയി മാറിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഒപ്പറേഷന്‍ ജാവ. കൊവിഡ് ആദ്യതരംഗത്തിനും ലോക്ക് ഡൗണിനും പിന്നാലെ തിയറ്ററുകള്‍ തുറന്നെങ്കിലും സെക്കന്‍റ് ഷോ പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ പല സൂപ്പര്‍താര ചിത്രങ്ങളും മടിച്ചുനിന്നപ്പോഴാണ് 'ഓപ്പറേഷന്‍ ജാവ'യുടെ തിയറ്ററുകളിലേക്കുള്ള വരവ്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയായിരുന്നു. 75 ദിവസത്തെ തിയറ്റര്‍ റണ്ണിന് ശേഷമായിരുന്നു ചിത്രം ഒടിടിയിലെത്തിയത്. 

തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമ കൂടിയായിരുന്നു ഒപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയ ചിത്രത്തിന്‍റെ പ്രമേയം, പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസ് ആയിരുന്നു. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ഒരുക്കി.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്